ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല, ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ

ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് ആരെയും പ്രവേശിപ്പിക്കില്ല, ഭക്ഷണം നല്‍കുന്നത് കുടുംബശ്രീ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: മടങ്ങിയെത്തുന്ന പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യുന്ന കേന്ദ്രങ്ങളിലേക്ക് പുറത്തു  നിന്ന് ആരെയും പ്രവേശിപ്പിക്കില്ലെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കുടുംബശ്രീ  പ്രവര്‍ത്തകരാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുകയെന്നും കലക്ടര്‍ പറഞ്ഞു.

ജില്ലയിലെത്തുന്ന പ്രവാസി മലയാളികള്‍ക്ക് താലൂക്കടിസ്ഥാനത്തില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സൗകര്യം ഏര്‍പ്പെടുത്തും. പ്രവാസി മലയാളികളുടെ ആദ്യസംഘത്തിന് ഗുരുവായൂരിലാണ് ക്വാറന്റീന്‍ സൗകര്യം ഒരുക്കിയിട്ടുളളത്. നേരത്തെ നിരീക്ഷണത്തിലാക്കേണ്ട മുഴുവന്‍ പ്രവാസികളെയും ഗുരുവായൂരില്‍ താമസിപ്പിക്കാനായിരുന്നു ജില്ലാ ഭരണകൂടത്തിന്റെ ധാരണ. എന്നാല്‍ ക്വാറന്റീന്‍ കഴിയുന്നവര്‍ക്ക് സ്വവസതിക്കടുത്ത് സൗകര്യം ചെയ്യണമെന്ന് നിര്‍ദ്ദേശം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ മാറ്റമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു.

യാതൊരുവിധ ആശങ്കയും വേണ്ടതില്ല. ഏറ്റെടുക്കുന്ന ഹോട്ടലുകളിലും ലോഡ്ജുകളിലും കുടിവെളളവും വൈദ്യുതിയും ഉറപ്പാക്കും. ആവശ്യം കഴിഞ്ഞാല്‍ പൂര്‍ണ്ണമായും അണുവിമുക്തമാക്കിയാവും സ്ഥാപനങ്ങള്‍ ഉടമകള്‍ക്ക് കൈമാറുക. ജില്ലയിലെ മുഴുവന്‍ താലൂക്കുകളിലായി 389 കെട്ടിടങ്ങള്‍ ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. 8500 മുറികളാണിവിടെയുളളത്. ക്വാറന്റീന്‍ കേന്ദ്രത്തിലേക്കുളള പ്രവേശനം കര്‍ശനമായി നിയന്ത്രിക്കും. നിശ്ചയിച്ചവരെയല്ലാത്ത മറ്റാരെയും പ്രവേശിപ്പിക്കില്ല. അതത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കാവും ക്വാറന്റീന്‍ കേന്ദ്രത്തിലുളളവരുടെ ആരോഗ്യ പരിരക്ഷാചുമതല, ഭക്ഷണം കുടുംബശ്രീ പ്രവര്‍ത്തകര്‍ ലഭ്യമാക്കും. സന്നദ്ധപ്രവര്‍ത്തകരും ആയുഷ് വിഭാഗത്തിലെ ഡോക്ടര്‍മാരും ആരോഗ്യസുരക്ഷയ്ക്ക് മേല്‍നോട്ടം വഹിക്കുമെന്ന് കലക്ടര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com