കൊച്ചിയിലേക്ക് പറന്നിറങ്ങി 358 പ്രവാസികൾ; കുവൈത്തിൽ നിന്നും മസ്കറ്റിൽ നിന്നുമുള്ള വിമാനങ്ങൾ എത്തി

കൊച്ചിയിലേക്ക് പറന്നിറങ്ങി 358 പ്രവാസികൾ; കുവൈത്തിൽ നിന്നും മസ്കറ്റിൽ നിന്നുമുള്ള വിമാനങ്ങൾ എത്തി

റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്


കൊച്ചി; പ്രവാസികളേയും കൊണ്ട് കുവൈത്തിൽ നിന്നും മസ്കറ്റിൽ നിന്നുമെത്തിയ വിമാനം കൊച്ചിയിലെത്തി. ഗർഭിണികളും കുട്ടികളും ഉൾപ്പടെയുള്ള 177 പേരാണ് കുവൈത്തിൽ നിന്നുള്ള വിമാനത്തിലുള്ളത്. കുവൈത്തില്‍നിന്ന് ഉച്ചക്ക് 1.45 ന് പുറപ്പെട്ട വിമാനം 9.30ഓടെയാണ് കൊച്ചിയിൽ പറന്നിറങ്ങിയത്. മസ്കറ്റിൽ നിന്നുള്ള വിമാനത്തിൽ 181 യാത്രക്കാരാണുള്ളത്. ഖത്തറിൽ നിന്നുള്ള ഒരു വിമാനം കൂടി കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 

സന്ദര്‍ശക വിസയിലെത്തി മടങ്ങിപ്പോകാന്‍ കഴിയാത്തവരും ഗര്‍ഭിണികളും നാട്ടിലെത്തി അടിയന്തിര ചികിത്സ ലഭിക്കേണ്ടവർക്കുമാണ് ആദ്യ ഘട്ടത്തിൽ ഇടംനേടിയത്. റാപ്പിഡ് ടെസ്റ്റ് നടത്താതെയാണ് ഇവർ കേരളത്തിലേക്ക് എത്തുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. തെര്‍മല്‍ സ്‌കാന്‍ നടത്തി പനിയില്ല എന്ന് ഉറപ്പാക്കിയ ശേഷമാണ് ആളുകളെ വിമാനത്തില്‍ കയറ്റിയത്. യാത്രക്കാരിയുടെ പട്ടികയില്‍ ഇടം നേടാന്‍ കഴിയാത്ത ഗര്‍ഭിണികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുവൈത്ത് വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ഓഫീസിനു മുന്നിലെത്തി പ്രതിഷേധിച്ചിരുന്നു. 

ഒരാഴ്ചത്തെ ഷെഡ്യൂല്‍ പ്രകാരം അഞ്ച് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ളത്. കുവൈത്തില്‍ നിന്നും ഹൈദരബാദിലേക്കുള്ള വിമാനം ഇന്ന്  11.30 ന് പുറപ്പെടും. നാട്ടിലേക്ക് പോകാനായി എംബസിയില്‍ പതിനെണ്ണായിരം മലയാളികള്‍ അടക്കം നാൽപ്പത്തിനാലായിരം  പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി കോഴിക്കോട്ടേക്ക്‌ 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം. കുവൈത്തില്‍ ഞായറാഴ്ച മുതല്‍ സമ്പൂര്‍ണ്ണ കര്‍ഫ്യൂ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള വിമാന സര്‍വീസുകളുടെ കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് കുവൈത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com