നില്‍ക്കക്കള്ളിയില്ലാതെയായി, ജോലിയും താമസവും ഉപേക്ഷിച്ച് മുംബൈയില്‍ നിന്ന് മാരാരിക്കുളത്തേക്ക് കാറില്‍; ഭക്ഷണം പോലുമില്ലാതെ താണ്ടിയത് 2000 കിലോമീറ്റര്‍

മുംബെയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ജോലിയും താമസവും ഉപേക്ഷിച്ച് രാവും പകലുമില്ലാതെ 2000 കിലോമീറ്ററോളം കാര്‍ ഓടിച്ച് നാട്ടില്‍ തിരിച്ചെത്തി മലയാളി കുടുംബം.
നില്‍ക്കക്കള്ളിയില്ലാതെയായി, ജോലിയും താമസവും ഉപേക്ഷിച്ച് മുംബൈയില്‍ നിന്ന് മാരാരിക്കുളത്തേക്ക് കാറില്‍; ഭക്ഷണം പോലുമില്ലാതെ താണ്ടിയത് 2000 കിലോമീറ്റര്‍

ആലപ്പുഴ: മുംബെയില്‍ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ ജോലിയും താമസവും ഉപേക്ഷിച്ച് രാവും പകലുമില്ലാതെ 2000 കിലോമീറ്ററോളം കാര്‍ ഓടിച്ച് നാട്ടില്‍ തിരിച്ചെത്തി മലയാളി കുടുംബം. 42 ദിവസത്തോളം ലോക്ക്ഡൗണില്‍ കുടുങ്ങിയ കുടുംബം എല്ലാം ഉപേക്ഷിച്ച് കേരളത്തിന്റെ കരുതലിലേക്ക് വാഹനം ഓടിച്ച് വരികയായിരുന്നു.  മാരാരിക്കുളം ആറാട്ടുകുളം വീട്ടില്‍ ജോര്‍ജ് ജോണും(53) ഭാര്യ മാഗ്‌നസും പ്ലസ്ടു വിദ്യാര്‍ഥിനിയായ മകളുമാണ് ദുരിതപാത താണ്ടി വീട്ടില്‍ എത്തിയത്. 

22 വര്‍ഷമായി മുംബൈയിലെ ഫല്‍ഗറില്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനാണ് ജോര്‍ജ്.   കഴിഞ്ഞ മൂന്നിനാണ് നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തത്. പിറ്റേന്ന് അനുവാദം കിട്ടി. അടുത്ത ദിവസം പുലര്‍ച്ചെ സ്വന്തം കാറില്‍ യാത്ര പുറപ്പെട്ടു. കരുതിയിരുന്ന ഭക്ഷണവും വെള്ളവും തീര്‍ന്നതോടെ പട്ടിണിയിലുമായി.  മുംബൈ രജിസ്‌ട്രേഷനുള്ള കാറായിരുന്നതിനാല്‍ പെട്രോള്‍ പമ്പുകളിലെ ശുചിമുറികളില്‍ പോലും കയറ്റിയുമില്ല.

ഇതിനിടെ തലകറക്കം അനുഭവപ്പെട്ടെങ്കിലും ഒരുവിധം അതിര്‍ത്തിയിലെത്തി. വാളയാര്‍ എത്തിയപ്പോള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണവും വെള്ളവും നല്‍കി. ഏഴിനു രാവിലെ മാരാരിക്കുളത്തെ വീട്ടിലെത്തി.  28 ദിവസത്തെ ഹോം ക്വാറന്റീനിലാണ്. സഹോദരന്റെ വീട്ടിലുള്ള 87കാരിയായ മാതാവ് സെലിനെ കാണുവാന്‍ ആഗ്രഹമുണ്ടെങ്കിലും ക്വാറന്റീന്‍ കഴിഞ്ഞുമാത്രമേ പോകൂവെന്നും ജോര്‍ജ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com