ജലാശ്വയില്‍ മലയാളികള്‍ക്ക് പുറമെ, 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ; 280 പേര്‍ കൊച്ചിയില്‍ ക്വാറന്റീനില്‍

കപ്പലില്‍ എത്തിയ മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്റീനില്‍ പാര്‍പ്പിക്കുക
ജലാശ്വയില്‍ മലയാളികള്‍ക്ക് പുറമെ, 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ; 280 പേര്‍ കൊച്ചിയില്‍ ക്വാറന്റീനില്‍

കൊച്ചി : മാലദ്വീപില്‍ നിന്നുള്ള പ്രവാസികളുമായി കൊച്ചി തീരത്തെത്തിയ ഇന്ത്യന്‍ നാവികസേന കപ്പല്‍ ഐഎന്‍എസ് ജലാശ്വയില്‍ 20 സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരും 440 മലയാളികളും ഉള്‍പ്പെടുന്നു. കപ്പലില്‍ എത്തിയ മലയാളികളെ അതത് ജില്ലകളിലാകും ക്വാറന്റീനില്‍ പാര്‍പ്പിക്കുക. ഇതരസംസ്ഥാനക്കാരെ കൊച്ചിയില്‍ തന്നെ ക്വാറന്റീനില്‍ ആക്കും.

ഇതര സംസ്ഥാനക്കാര്‍ അടക്കം 280 പേരെയാണ് കൊച്ചിയില്‍ ക്വാറന്റീനില്‍ പാര്‍പ്പിക്കുന്നത്. ഇതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ ഭരണകൂടം അറിയിച്ചു. 12 മണിക്കൂറിനകം യാത്രക്കാരെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റും. പ്രത്യേക വാഹനത്തിലാണ് ഇവരെ ക്വാറന്റീന്‍ കേന്ദ്രത്തില്‍ എത്തിക്കുക എന്ന് ജില്ലാ അധികൃതര്‍ അറിയിച്ചു.

രോഗലക്ഷണങ്ങള്‍ ഉള്ളവരെ കളമശ്ശേരി മെഡിക്കല്‍ കോളജിലെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റും. അല്ലാത്തവരെ സര്‍ക്കാര്‍ സജ്ജമാക്കിയ ക്വാറന്റീന്‍ കേന്ദ്രങ്ങളിലേക്ക് മാറ്റും. കടല്‍മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ നാവികസേനയുടെ ഓപ്പറേഷന്‍ സമുദ്ര സേതുവിന്റെ ഭാഗമായ ആദ്യ കപ്പല്‍ വെള്ളിയാഴ്ച രാത്രിയാണ് മാലദ്വീപില്‍ നിന്ന് യാത്ര തിരിച്ചത്.

കപ്പലിലുള്ള 698 പേരില്‍  595 പുരുഷന്‍മാരും 103 സ്ത്രീകളും, 19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട്. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്. കൊച്ചി സാമുദ്രിക തുറമുഖത്തെത്തിയ കപ്പലില്‍ നിന്നും പരിശോധനകള്‍ക്ക് ശേഷമാണ് പുറത്തെത്തിക്കുക. തെര്‍മല്‍ സ്‌കാനിങ് അടക്കം നിരവധി പരിശോധനകളാണ് ഉണ്ടാകുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com