മാലിയില്‍ നിന്നെത്തിയ 633 പേരും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ; കപ്പല്‍ യാത്രാക്കൂലി 40 ഡോളര്‍

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്
മാലിയില്‍ നിന്നെത്തിയ 633 പേരും തൊഴില്‍ നഷ്ടപ്പെട്ടവര്‍ ; കപ്പല്‍ യാത്രാക്കൂലി 40 ഡോളര്‍

കൊച്ചി : മാലദ്വീപില്‍ നിന്നും കൊച്ചിയിലെത്തിയ പ്രവാസി ഇന്ത്യാക്കാരില്‍ ബഹുഭൂരിപക്ഷവും തൊഴില്‍ നഷ്ടമായവരെന്ന് റിപ്പോര്‍ട്ട്. 698 പേരാണ് നാവികസേന കപ്പലായ ഐഎന്‍എസ് ജലാശ്വയില്‍ രാവിലെ കൊച്ചിയിലെത്തിയത്. ഇതില്‍ 633 പേരാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തൊഴില്‍ രഹിതരായത്. മാലിയില്‍ നിന്നും കൊച്ചിയിലെത്തിക്കുന്നതിന് 40 ഡോളര്‍ ആണ് നാവികസേന യാത്രാചാര്‍ജായി ഈടാക്കിയത്.

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേന അയച്ച രണ്ടു കപ്പലുകളില്‍ ആദ്യത്തേതാണ് കൊച്ചി തീരത്തണഞ്ഞത്. ഐഎന്‍എസ് ജലാശ്വ കപ്പലിലുള്ള 698 യാത്രക്കാരില്‍ 440 പേര്‍ മലയാളികളാണ്. കേരളമടക്കം 20 സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കപ്പലിലുള്ളത്. കൊച്ചി തീരത്തെത്തിയ ജലശ്വയെ നാവികസേനയുടെ ഹെലികോപ്ടറിന്റേയും പൈലറ്റ് ബോട്ടുകളുടേയും അകമ്പടിയിലാണ് പോര്‍ട്ടിലേക്ക് എത്തിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് കപ്പല്‍ മാലെദ്വീപില്‍നിന്ന് കൊച്ചിയിലേക്ക് തിരിച്ചത്. നാവികസേനയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഓപ്പറേഷന്‍ സമുദ്രസേതുവിന്റെ ഭാഗമായിട്ടാണിത്.  19 ഗര്‍ഭിണികളും 14 കുട്ടികളുമുണ്ട് ജലാശ്വയില്‍. വ്യാഴാഴ്ചയാണ് കപ്പല്‍ മാലെ തുറമുഖത്തെത്തിയത്. മാലെ പോര്‍ട്ടില്‍ സുരക്ഷാപരിശോധനകള്‍ക്കുശേഷമാണ് യാത്രക്കാരെ തുറമുഖത്തെത്തിച്ചത്.  

കപ്പലിലും ഡോക്ടര്‍മാരുടെ സംഘമുണ്ടായിരുന്നു. കപ്പലിലുള്ള മറ്റു സംസ്ഥാനങ്ങളിലുള്ളവരേയും കൊച്ചിയില്‍ തന്നെയാണ് നിരീക്ഷണത്തില്‍ വെക്കുക. കേരളത്തിലെ മറ്റ് ജില്ലകളിലുള്ളവരെ അതത് ജില്ലകളിലേക്ക് അയക്കും. അവര്‍ക്ക് അതതു ജില്ലകളിലായിരിക്കും നിരീക്ഷണം. പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നാവികസേനയുടെ മറ്റൊരു കപ്പലായ ഐ.എന്‍.എസ്. മഗര്‍ അടുത്തദിവസം മാലദ്വീപിലെത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com