പക മൂത്തു; മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസാക്കി; തൃശൂരിൽ യുവാവ് അറസ്റ്റിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th May 2020 07:55 PM |
Last Updated: 13th May 2020 07:55 PM | A+A A- |
തൃശൂർ: മുൻ കാമുകിയുടെ നഗ്ന ചിത്രങ്ങൾ വാട്സാപ്പിൽ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ മുളങ്കുന്നതുകാവ് സ്വദേശി അനിൽ കുമാറാണ് പിടിയിലായത്. ഇരിങ്ങാലക്കുട പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുഴിക്കാട്ടുകൊണം സ്വദേശിയായ യുവതിയുമായി അനിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു. ഇവർ മാസങ്ങളോളം ഒരുമിച്ചും കഴിഞ്ഞു. പിന്നീട് ചില അഭിപ്രായ വത്യാസങ്ങൾ വന്നതോടെ യുവതി ഇയാളെ വിട്ടു പോകുകയായിരുന്നു. ഇതിന്റെ പകയിൽ അനിൽ യുവതിയുടെ ചിത്രങ്ങൾ വാട്സാപ്പിൽ സ്റ്റാറ്റസായി ഇട്ടു. യുവതി ഇതിനെതിരെ പരാതി നൽകിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏട്ട് മാസങ്ങൾക്ക് മുൻപ് മുളങ്കുന്നത്തുകാവിൽ നഴ്‌സിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയാണ് അനിൽ കുമാർ. ഈ കേസിൽ ജാമ്യമെടുത്ത് ഇറങ്ങിയതിന് പിന്നാലെയാണ് നഗ്ന ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ ഇയാൾ പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.