കാറിന്റെ ഡിക്കിയ്ക്കുള്ളില്‍ 'ലോക്കായി' ഒരു വയസ്സുകാരി ; പരിഭ്രമിച്ച് വീട്ടുകാരും നാട്ടുകാരും ; ഒടുവില്‍ പുതുജീവന്‍

വിഴിഞ്ഞം അഗ്‌നിശമനസേനയെത്തിയാണ് സ്‌കെയിലും മറ്റും ഉപയോഗിച്ച് ചില്ലുകള്‍ താഴ്ത്തി വാതില്‍ തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്
കാറിന്റെ ഡിക്കിയ്ക്കുള്ളില്‍ 'ലോക്കായി' ഒരു വയസ്സുകാരി ; പരിഭ്രമിച്ച് വീട്ടുകാരും നാട്ടുകാരും ; ഒടുവില്‍ പുതുജീവന്‍

തിരുവനന്തപുരം : കാറിന്റെ ഡിക്കിയില്‍ കുടുങ്ങിയ ഒരുവയസ്സുകാരിക്ക് പുതുജീവന്‍. അരമണിക്കൂറോളം നീണ്ട പ്രയത്‌നത്തിനൊടുവില്‍ കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. കോവളം കമുകിന്‍കോട് സ്വദേശി അന്‍സാറിന്റെ മകള്‍ അമാനയാണ് വണ്ടിക്കുള്ളില്‍ കുടുങ്ങിയത്. ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം

ഡിക്കിയില്‍ നിന്നും സാധനങ്ങളെടുത്തശേഷം അടയ്ക്കാന്‍ മറന്നതാണ് വീട്ടുകാരെയും അയല്‍വക്കക്കാരെയുമെല്ലാം പരിഭ്രാന്തിയിലാക്കിയത്. മുറ്റത്തുനിന്ന ഒരുവയസ്സുകാരി അമാന പിച്ചവെച്ച് കാറിന്റെ ഡിക്കിക്കുള്ളില്‍ കയറുകയായിരുന്നു. കയറിയപാടേ ഡിക്കിയുടെ വാതിലുമടഞ്ഞു. തിണ്ണയില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നിന്നനില്‍പ്പില്‍ കാണാതായതോടെ വീട്ടുകാര്‍ ഭയന്നു.

ആളുകൂടി നാലുപാടും തിരഞ്ഞു. അതിനിടെ കാറിനുള്ളില്‍ ചെറിയ ശബ്ദം കേട്ടതാണ് അങ്ങോട്ടേക്ക് ശ്രദ്ധപതിയാന്‍ കാരണം. ഡിക്കിക്കുള്ളില്‍ കുഞ്ഞുണ്ടെന്ന് കണ്ടതോടെയാണ് വീട്ടുകാര്‍ക്ക് ആശ്വാസമായത്. എന്നാല്‍ ആശ്വാസനിമിഷങ്ങള്‍ നീണ്ടുനിന്നില്ല. കാറിന്റെ നാലുവാതിലും ചില്ലും പൂട്ടിക്കിടക്കുന്നു താക്കോല്‍ തിരഞ്ഞപ്പോഴാണ് അതും കുഞ്ഞിന്റെ കൈയിലാണെന്ന് അറിഞ്ഞത്.

ഇതോടെ വീട്ടുകാരും അയല്‍വാസികളും പരിഭ്രമത്തിലായി. പഠിച്ചപണിയെല്ലാം നോക്കിയിട്ടും കാറിന്റെ വാതില്‍ തുറക്കാനായില്ല. ഒടുവില്‍ വിഴിഞ്ഞം അഗ്‌നിശമനസേനയെത്തിയാണ് സ്‌കെയിലും മറ്റും ഉപയോഗിച്ച് ചില്ലുകള്‍ താഴ്ത്തി വാതില്‍ തുറന്ന് കുഞ്ഞിനെ പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com