പണം കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം, മാസ്‌ക് ശരിയായി ധരിക്കണം; ശക്തന്‍ മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍

പണം കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം, മാസ്‌ക് ശരിയായി ധരിക്കണം; ശക്തന്‍ മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍
പണം കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം, മാസ്‌ക് ശരിയായി ധരിക്കണം; ശക്തന്‍ മാര്‍ക്കറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍

തൃശൂര്‍: ജില്ലാ ഭരണകൂടം അനുശാസിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുന്നതിനാല്‍ ശക്തന്‍ മാര്‍ക്കറ്റില്‍ ഇപ്പോഴും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ് അറിയിച്ചു. കളക്ടറുടെ ചേമ്പറില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്റെ സാന്നിദ്ധ്യത്തില്‍ മാര്‍ക്കറ്റിലെ വ്യാപാരി പ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലണ് കലക്ടര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ശക്തന്‍ മത്സ്യ പച്ചക്കറി മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തിന് നേരത്തെ നിബന്ധനകള്‍ കൊണ്ടുവന്നിരുന്നു. എന്നാല്‍ തൃശൂര്‍ ജില്ല ഗ്രീന്‍ സോണില്‍ ആയതിനുശേഷം മാര്‍ക്കറ്റില്‍ ഇവ പാലിക്കപ്പെടുന്നില്ല എന്ന് പരാതി ഉയര്‍ന്നു. മാര്‍ക്കറ്റില്‍ വരുന്നവര്‍ മാസ്‌ക് ധരിക്കണം. നിബന്ധനകള്‍ക്ക് അനുസൃതമായി മാര്‍ക്കറ്റ് പ്രവര്‍ത്തിക്കേണ്ടതാണെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

ശക്തന്‍ മാര്‍ക്കറ്റില്‍ വരുന്നവര്‍ മാസ്‌ക് ഉപയോഗിക്കുന്നുണ്ടെങ്കിലും പലപ്പോഴും അത് ശരിയായ രീതിയില്‍ അല്ല എന്നും എസിപി രാജു വി കെ വ്യക്തമാക്കി. വാഹന നിയന്ത്രണം നീക്കിയതിനാല്‍ ശക്തന്‍ മാര്‍ക്കറ്റില്‍ തിരക്ക് അനിയന്ത്രിതമായി കൂടിവരുന്നു. കായ കച്ചവടം പൂര്‍ണമായും ശക്തന്‍ സ്റ്റാന്‍ഡിലേക്ക് മാറ്റും. മൊത്തക്കച്ചവടക്കാര്‍ പോയശേഷം രാവിലെ ഒമ്പതിന് മാത്രമേ ചില്ലറ വില്‍പനക്കാര്‍ മാര്‍ക്കറ്റില്‍ പ്രവേശിക്കാന്‍ പാടുളളൂ.

കടകളിലെ എല്ലാ തൊഴിലാളികള്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് തൊഴിലുടമകള്‍ നല്‍കണം. സാമൂഹ്യ അകലം പാലിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും കലക്ടര്‍ നിര്‍ദ്ദേശിച്ചു. പണം കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിക്കണം. തൊഴിലാളികളും കടക്കാരും തമ്മിലുള്ള സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം. ഇനിയും ഇത് പാലിച്ചില്ലെങ്കില്‍ നിയമപരമായി നേരിടുമെന്നും അതിന് മുന്‍പ് കടകള്‍ക്ക് ആവശ്യമായ നോട്ടീസ് നല്‍കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ആദിത്യ അറിയിച്ചു. ഇനിയും നിയമലംഘനങ്ങള്‍ കാണ്ടാല്‍ മാര്‍ക്കറ്റിലെ കച്ചവടം ഒന്നിടവിട്ട ദിവസങ്ങളിലാക്കി നിയന്ത്രിക്കുമെന്നും ജില്ലാ കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com