മദ്യത്തിന് വില കൂടും ; 'കോവിഡ് നികുതി'യിൽ തീരുമാനം ഇന്നുണ്ടായേക്കും

കെയ്സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം
മദ്യത്തിന് വില കൂടും ; 'കോവിഡ് നികുതി'യിൽ തീരുമാനം ഇന്നുണ്ടായേക്കും

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മദ്യവില വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. മദ്യനികുതി വർധിപ്പിച്ച് നിലവിൽ സർക്കാർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് നീക്കം. ഇക്കാര്യത്തിൽ ഇന്ന് ചേരുന്ന മന്ത്രിസഭായോഗത്തിൽ അന്തിമതീരുമാനം ഉണ്ടായേക്കും.

വിദേശനി‍ർമ്മിത വിദേശ മദ്യത്തിനൊഴികെ എല്ലാതരം മദ്യങ്ങൾക്കും വില കൂട്ടിയേക്കും. കെയ്സിന് 400 രൂപയിൽ കൂടുതൽ വില വരുന്ന മദ്യത്തിന് 35 ശതമാനം വില കൂട്ടാനാണ് സർക്കാരിന് ലഭിച്ചിരിക്കുന്ന നിർദേശം. കെയ്സിന് 400 രൂപയിൽ താഴെയാണെങ്കിൽ പത്ത് ശതമാനം നികുതിയാവും ഏർപ്പെടുത്തുക. ബീയറിനും പത്ത് ശതമാനം നികുതി ഏർപ്പെടുത്തും. ഇതോടെ ഒരു കുപ്പി മദ്യത്തിന് അൻപത് രൂപ വരെ വ‍ർധിക്കാനാണ് സാധ്യത.

മെയ് 17-ന് മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിച്ച ശേഷം സംസ്ഥാനത്ത് മദ്യവിൽപന ആരംഭിക്കാൻ സ‍ർക്കാ‍ർ തലത്തിൽ ധാരണയായിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ മദ്യവിൽപന ആരംഭിച്ച ശേഷമുണ്ടായ കനത്ത തിരക്ക് കണക്കിലെടുത്ത് ഓൺലൈൻ മദ്യവിൽനപനയ്ക്കുള്ള സാധ്യതയും സ‍ർക്കാ‍ർ പരിശോധിച്ചു വരികയാണ്. ഇതിനായുള്ള മൊബൈൽ ആപ്പും വെബ്സൈറ്റും തയ്യാറാക്കാനുള്ള കമ്പനിയെ കണ്ടെത്താൻ കേരള സ്റ്റാ‍ർട്ടപ്പ് മിഷന് സ‍ർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

ബാറുകൾ വഴി മദ്യം പാഴ്സലായി നൽകാൻ അനുമതി നൽകാനും സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിനായി അബ്കാരി ചട്ടഭേദ​ഗതിക്ക് എക്സൈസ് വകുപ്പ് നീക്കം ആരംഭിച്ചിട്ടുണ്ട്. ബെവ്കോ, കൺസ്യൂമ‍ർഫെഡ് ഔട്ട്‍ലെറ്റുകൾ മദ്യവിൽപന ആരംഭിക്കുന്നതിനോടൊപ്പം തന്നെ സ്വകാര്യ ബാറുകളിലെ കൗണ്ടറുകളിലൂടേയും മദ്യവിൽപന തുടങ്ങാനാണ് നീക്കം. ബാറുകളുടെ കൗണ്ടറുകളിലും ഓൺലൈൻ ടോക്കൺ സംവിധാനം നടപ്പാക്കും. അതേസമയം വെയർഹൗസുകളിൽ മദ്യം വിൽക്കുക ഇരുപത് ശതമാനം അധിക നിരക്ക് ഈടാക്കിയാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com