മാസ്‌ക് അടിപൊളി ആക്കിയാലോ? 'മാസ്‌ക് മാസാണ്' ടാസ്‌ക്കുമായി കുടുംബശ്രീ

മാസ്‌ക് അടിപൊളി ആക്കിയാലോ? 'മാസ്‌ക് മാസാണ്' ടാസ്‌ക്കുമായി കുടുംബശ്രീ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തൃശൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് കുടുംബശ്രീ സംരംഭകര്‍ക്കും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി വ്യത്യസ്തമായ മത്സരവുമായി കുടുംബശ്രീ ജില്ലാ മിഷന്‍. ലോക് ഡൗണ്‍ കാലത്ത് ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയ മാസ്‌ക്കാണ് മത്സരവിഷയം.

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായി മാറിയിരിക്കുന്നു മാസ്‌കുകള്‍. ഈ മാസ്‌കുകള്‍ മനോഹരവും വൈവിധ്യ പൂര്‍ണ്ണവും ആക്കിയാലോ? അങ്ങനെ ഒരു ടാസ്‌ക്കുമായാണ് കുടുംബശ്രീ എത്തുന്നത്. മത്സരത്തില്‍ മികച്ചതും വൈവിധ്യമാര്‍ന്നതുമായ മാസ്‌കുകള്‍ നിര്‍മ്മിച്ച് അവയുടെ ഫോട്ടോ അയയ്ക്കണം. 2020 മെയ് 17 ന് വൈകീട്ട് 5 മണിക്ക് മുന്‍പായി മാസ്‌ക്കിന്റെ ഫോട്ടോ kshreemask20@gmail.com എന്ന മെയിലില്‍ അയയ്ക്കണം.

കുടുംബശ്രീ സംരംഭക യൂണിറ്റുകള്‍ക്കും അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും 18 വയസ്സിന് മുകളിലുള്ള തൃശൂര്‍ ജില്ലയില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. മാസ്‌ക്കിനെ മനോഹരവും വൈവിധ്യ പൂര്‍ണ്ണവുമാക്കുന്നതിനായി ഫാബ്രിക് പെയിന്റിംഗ്, എംബ്രോയിഡറി, സ്‌ക്രീന്‍ പ്രിന്റിംഗ്, മ്യൂറല്‍ പെയിന്റിംഗ്, ഡിജിറ്റല്‍ പ്രിന്റിംഗ് തുടങ്ങിയവ ഉപയോഗിക്കാം.

19 സെന്റീമീറ്റര്‍ നീളവും 12 സെന്റീമീറ്റര്‍ വീതിയുമുള്ള തുണി കൊണ്ട് തന്നെയായിരിക്കണം മാസ്‌ക് നിര്‍മിക്കേണ്ടത്. വള്ളിയോ ഇലാസ്റ്റിക്കോ കെട്ടാന്‍ ഉപയോഗിക്കാം. മാസ്‌ക് നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകള്‍ മെറ്റീരിയല്‍ ഫോട്ടോകള്‍  കട്ടിങ് ഫോട്ടോ, നിര്‍മ്മാണം, മാസ്‌ക് ധരിച്ചിട്ടുള്ള ഫോട്ടോ എങ്ങനെ 5 ഫോട്ടോകള്‍ അയയ്ക്കണം.

ഫോട്ടോ അയയ്ക്കുമ്പോള്‍ കുടുംബാംഗങ്ങളോടൊപ്പം മാസ്‌ക് ധരിച്ച് നില്‍ക്കുന്ന സെല്‍ഫി അയയ്ക്കണം. കൂടെ ഒരു അടിക്കുറിപ്പ് കൂടെ നല്‍ക്കേണ്ടതാണ്. അടിക്കുറിപ്പിലൂടെ 'കൊറോണ പ്രതിരോധം ഐക്യത്തിലൂടെ' എന്ന അര്‍ത്ഥം പ്രതിപാദിക്കാന്‍ ശ്രദ്ധിക്കണം.

മത്സരത്തില്‍ നിന്നും മൂന്ന് വിജയികളെ തിരഞ്ഞെടുക്കും. കൂടാതെ അഞ്ച് പേര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്‍കും. വിജയികള്‍ക്കുള്ള സമ്മാനവിതരണം ലോക് ഡൗണ്‍ തീരുന്ന മുറയ്ക്ക് നടത്തും. മികച്ച മാസ്‌ക്കുകളുടെ ഫോട്ടോ കുടുംബശ്രീ ജില്ലാ മിഷന്‍ ഫേസ്ബുക്ക് പേജില്‍ അപ്‌ലോഡ് ചെയ്യും. ഓണ്‍ലൈനില്‍ നിന്നോ, മറ്റു കടകമ്പോളങ്ങളില്‍ നിന്നോ മാസ്‌ക് വാങ്ങി അയച്ചു തരുന്നവരെ മത്സരത്തില്‍ അയോഗ്യരാക്കുമെന്നും ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ വി ജ്യോതിഷ് കുമാര്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com