വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടില്‍; കോവിഡ് ബാധിതന്‍ വന്ന സമയത്ത് പരിസരത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

വാളയാര്‍ അതിര്‍ത്തിവഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ പരിസര പ്രദേശത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ
വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ വെട്ടില്‍; കോവിഡ് ബാധിതന്‍ വന്ന സമയത്ത് പരിസരത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വാളയാര്‍ അതിര്‍ത്തിവഴി വന്നയാള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സംഭവത്തില്‍ പരിസര പ്രദേശത്തുണ്ടായിരുന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ചെന്നൈയില്‍ നിന്ന് പാസില്ലാതെ വാളയാറിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ പാസില്ലാതെ വന്ന മലയാളികളെ കടത്തിവിടണം എന്നാവശ്യപ്പെട്ട് ചെക്ക്‌പോസറ്റില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരീക്ഷണത്തില്‍ പോകേണ്ടിവരും.

എംപിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, എംഎല്‍എമാരായ ടി എന്‍ പ്രതാപന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് കഴിഞ്ഞ ഒമ്പതിന് അതിര്‍ത്തിയില്‍ പ്രതിഷേധവുമായി എത്തിയത്. ഇവര്‍ പ്രതിഷേധം നടത്തിയ സമയത്ത് കോവിഡ് ബാധിതനും പരിസരത്തുണ്ടായിരുന്നു എന്നാണ് വിവരം.
ചെന്നൈയില്‍ കൊട്ടിപ്പാക്കത്ത് ജ്യൂസ് കട നടത്തുന്നയാളാണ് രോഗം സ്ഥിരീകരിച്ച നാല്‍പ്പതുകാരനായ മലപ്പുറം സ്വദേശി. ചെന്നൈയില്‍ വിവിധ തരത്തിലുള്ള കടകള്‍ നടത്തിവന്ന ബാക്കി എട്ടുപേര്‍ വാളയാറില്‍നിന്ന് മറ്റൊരു വാഹനത്തില്‍ മലപ്പുറത്തേക്ക് പോയി. ഇവരെ വാളയാറില്‍ എത്തിച്ച ഡ്രൈവറുടെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

ഈ മാസം എട്ടിന് ചെന്നൈയില്‍നിന്ന് യാത്ര തിരിച്ച മലപ്പുറം സ്വദേശി ഒമ്പതിന് രാവിലെ വാളയാര്‍ അതിര്‍ത്തിയിലെത്തി. ഇയാളടക്കം  പത്തംഗസംഘം കേരള പാസില്ലാതെയാണ് വാഹനത്തില്‍ അതിര്‍ത്തിയില്‍ എത്തിയത്. ഇവരെ ഉള്‍പ്പെടെ അതിര്‍ത്തി കടത്തിവിടണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ശനിയാഴ്ച വാളയാറില്‍ സമരം നടത്തിയത്.ജനപ്രതിനിധികളെ കൂടാതെ മാധ്യമപ്രവര്‍ത്തകര്‍, സ്ഥലത്തുണ്ടായിരുന്ന പൊലീസ്, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവവരും നിരീക്ഷണത്തില്‍ പോകേണ്ടിവരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com