ജന്മനാടിന്റെ സുരക്ഷയില്‍ സൗദിയില്‍ നിന്നെത്തിയ പ്രവാസി യുവതി കുഞ്ഞിന് ജന്മം നല്‍കി; അമ്മയുടെയും കുഞ്ഞിന്റെയും ഫലം നെഗറ്റീവ്

സൗദി അറേബ്യയില്‍ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ പ്രസവം
ജന്മനാടിന്റെ സുരക്ഷയില്‍ സൗദിയില്‍ നിന്നെത്തിയ പ്രവാസി യുവതി കുഞ്ഞിന് ജന്മം നല്‍കി; അമ്മയുടെയും കുഞ്ഞിന്റെയും ഫലം നെഗറ്റീവ്

കൊച്ചി: സൗദി അറേബ്യയില്‍ നിന്നുമെത്തിയ പ്രവാസി യുവതിക്ക് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സിസേറിയന്‍ പ്രസവം. കൊല്ലം സ്വദേശിനി ഷാഹിനയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസികളെ തിരിച്ചെത്തിക്കുന്ന
ദൗത്യമാണ് ഷാഹിനയെ ജന്മനാട്ടിലെത്തിച്ചത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിലെത്തിയ ദമാം കൊച്ചി വിമാനത്തിലാണ് വന്നത്.

പൂര്‍ണ്ണ ഗര്‍ഭിണിയായ ഷാഹിനയോടൊപ്പം അഞ്ചും രണ്ടും വയസുള്ള മക്കളുമുണ്ടായിരുന്നു. ഭര്‍ത്താവ് അഹമ്മദ് കബീര്‍ സൗദി അറേബ്യയില്‍ നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുകയാണ്.

വിമാനത്താവളത്തില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതു മൂലം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. വിമാനത്താവളത്തില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകരാണ് ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലെത്തിച്ചത്. അടിയന്തര അവസ്ഥയില്‍ കളമശ്ശേരിയിലെ ഗൈനക്കോളജി മേധാവി ഡോ. രാധയുടെ നേതൃത്വത്തില്‍ ഡോ.അഞ്ജു വിശ്വനാഥ്, ഡോ.അനില്‍കുമാര്‍ എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. കുട്ടികളെയും അമ്മയെയും കോവിഡ് പരിശോധനയും നടത്തി. എല്ലാവരും നെഗറ്റീവ് ആണ്.

കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നടത്തുന്ന രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെത്തി പ്രസവിച്ച രണ്ടാമത്തെ യുവതിയാണ് ഷാഹിന.
കഴിഞ്ഞ ദിവസം നേവി കപ്പലില്‍  മാലിദ്വീപില്‍ നിന്നുമെത്തിയ തിരുവല്ല സ്വദേശിനി ആണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. വിദേശത്തു നിന്നും കൊണ്ടുവരുന്നവരില്‍ ഗര്‍ഭിണികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com