മാനന്തവാടി പൊലീസ് സ്‌റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക്; അണുനശീകരണപ്രക്രിയ പൂര്‍ത്തിയായി

മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡിഷണല്‍ എസ്.പിക്ക് നല്‍കിയിട്ടുണ്
മാനന്തവാടി പൊലീസ് സ്‌റ്റേഷന്റെ ചുമതല വെള്ളമുണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക്; അണുനശീകരണപ്രക്രിയ പൂര്‍ത്തിയായി


മാനന്തവാടി: മൂന്നു പൊലീസുകാര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ച മാനന്തവാടി പൊലീസ് സ്‌റ്റേഷന്റെ ചുമതല താല്‍കാലികമായി വെള്ളമുണ്ട സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കി. മാനന്തവാടി സബ് ഡിവിഷന്‍ ചുമതല വയനാട് അഡിഷണല്‍ എസ്.പിക്ക് നല്‍കിയിട്ടുണ്ട്. മാനന്തവാടി സ്‌റ്റേഷനിലെ വയര്‍ലെസ് ഉള്‍പ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങള്‍ സമീപത്തെ എസ്.എം.എസ് ഡിവൈ.എസ്.പി ഓഫീസില്‍ നിന്ന് പ്രവര്‍ത്തിപ്പിക്കും. മാനന്തവാടി സ്‌റ്റേഷന്‍ അണുവിമുക്തമാക്കുന്ന പ്രക്രിയ ആരോഗ്യ പ്രവര്‍ത്തകരുടെയും ഫയര്‍ ഫോഴ്‌സിന്റെയും നേതൃത്വത്തില്‍ ഇതിനകം പൂര്‍ത്തിയാക്കി.

മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ ഇരുപത്തിനാല് പൊലീസ് ഉദ്യോഗസ്ഥരുടെ സ്രവമാണ് പരിശോധിച്ചത്. അതില്‍ പതിനെട്ടുപേരുടെ ഫലം അറിവായതില്‍  മൂന്നു പേര്‍ക്ക് കോവിഡ് 19  സ്ഥിരീകരിച്ചിട്ടുണ്ട്. മാനന്തവാടി പൊലീസ് സ്‌റ്റേഷനിലെ സ്രവം നല്‍കിയ എല്ലാ പൊലീസുകാരും ഡ്യൂട്ടി റസ്റ്റ് ആയിരുന്നവരും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്നലെ മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നവര്‍ സമീപത്തെ ലോഡ്ജുകളിലും റിസോര്‍ട്ടുകളിലും നിരീക്ഷണത്തില്‍ ആണ്.

മാനന്തവാടി സബ് ഡിവിഷനിലെ മറ്റു പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പൊലീസുകാരെ ഉപയോഗിച്ച് മാനന്തവാടി സ്‌റ്റേഷന്‍ പരിധിയിലെ ഹോട്‌സ്‌പോട്ടിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. മാനന്തവാടി പൊലീസ് സ്‌റ്റേഷനില്‍ നേരിട്ട് സന്ദര്‍ശനം നടത്തുന്നത് പരമാവധി ഒഴിവാക്കണമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അഭ്യര്‍ത്ഥിച്ചു. സ്‌റ്റേഷനിലെ അത്യാവശ്യ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ പി.പി.ഇ കിറ്റ് ധരിച്ച രണ്ടു പൊലീസ് ഉദ്യോഗസ്ഥരെയും അവരെ സഹായിക്കാനായി ഒരു ആരോഗ്യ പ്രവര്‍ത്തകനെയും നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com