സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ 15 ആയി കുറഞ്ഞു; വയനാട് 7, കണ്ണൂര്‍, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ 1

വയനാട് 7 കണ്ണൂര്‍ 3, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ ഒന്നുവീതമാണ് ഹോട്‌സ്‌പോട്ടുകള്‍
സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകള്‍ 15 ആയി കുറഞ്ഞു; വയനാട് 7, കണ്ണൂര്‍, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ 1

തിരുവനന്തപുരം: സംസ്ഥാനത്ത് ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട് 7 കണ്ണൂര്‍ 3, കാസര്‍കോട് 3, കോട്ടയം, തൃശൂര്‍ ഒന്നുവീതമാണ് ഹോട്‌സ്‌പോട്ടുകള്‍. ഇന്നലെ സംസ്ഥാനത്ത് 34 ഹോട്ട്‌സ്‌പോട്ടുകളാണ് ഉണ്ടായിരുന്നത്.

ലോകാരോഗ്യസംഘടന നല്‍കുന്ന മുന്നറിയിപ്പ് കോറോണ വൈറസ് ഒരിക്കലും ഇല്ലാതാവുകയില്ലെന്നാണ്. വാക്‌സിന്റെ അഭാവത്തില്‍ എച്ചഐവിയെ പോലെ തന്നെ ലോകത്താകെ നിലനില്‍ക്കുന്ന വൈറസാകുമെന്നാണ് ഡബ്ല്യുഎച്ച്ഒ വിദഗ്ധര്‍ പറയുന്നത്. പൊതുസമൂഹത്തിന്റെ ആകെ പ്രതിരോധ ശക്തിവര്‍ധിപ്പിക്കുക എന്നതാണ് പരമപ്രധാനം. പൊതുജനാരോഗ്യസംവിധാനം അത്തരം ഇടപെടലുകളില്‍ കേന്ദ്രീകരിക്കുന്നു. അപ്പോള്‍ തന്നെ പൊതുസമൂഹം ജീവിത ശൈലിയില്‍ മാറ്റം ഉള്‍ക്കൊള്ളേണ്ടി വരും. അതില്‍ പ്രധാനമാണ് മാസ്‌ക് ഉപയോഗിക്കുകയെന്നത്. അതോടൊപ്പം തിക്കുംതിരക്കും ഉണ്ടാകാത്ത വിധം കച്ചവടസ്ഥാപനങ്ങളില്‍ പൊതുഗതാഗതസ്ഥലങ്ങളില്‍ ക്രമീകരണം നടത്തണമെന്നും പിണറായി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് 26പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3 പേര്‍ രോഗമുക്തരായി. കാസര്‍കോട് 10, മലപ്പുറം 5, പാലക്കാട്, വയനാട്  മൂന്ന്, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ എന്നിങ്ങനെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 14 പേര്‍ പുറത്തുനിന്നുവന്നവരാണ്. ഇവരില്‍ 7 പേര്‍ വിദേശത്തു നിന്നു വന്നവരാണ്. ചെന്നൈ 2, മുംബൈ 4, ബെംഗളൂരു 1 എന്നിവിടങ്ങില്‍ നിന്നു വന്നവരാണ് മറ്റുള്ളവര്‍. 11 പേര്‍ക്ക് സംമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. കോവിഡ് നെഗറ്റീവ് ആയവരില്‍ രണ്ടുപേര്‍ കൊല്ലത്തുനിന്നുള്ളവരാണ്. ഒരാള്‍ കണ്ണൂരില്‍നിന്നുള്ളയാളും. രോഗികളുടെ എണ്ണം വര്‍ധിച്ചത് നാം നേരിടുന്ന വിപത്തിനെയാണ് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കാസര്‍കോട് രോഗം സ്ഥിരീകരിച്ച 2 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. വയനാട്ടില്‍ ഒരു പൊലീസുകാരനും രോഗം സ്ഥിരീകരിച്ചു, 36,910 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര്‍ വീടുകളിലും 568 പേര്‍ ആശുപത്രിയിലുമാണുള്ളത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64 പേര്‍ ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു. ഇതുവരെ 40692 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. 39619 എണ്ണത്തില്‍ രോഗബാധ ഇല്ലെന്നു കണ്ടെത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com