ക്വാറന്റൈനില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ല; വി മുരളീധരന് പിണറായിയുടെ മറുപടി

ക്വാറന്റീന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍
ക്വാറന്റൈനില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ല; വി മുരളീധരന് പിണറായിയുടെ മറുപടി


തിരുവനന്തപുരം: ക്വാറന്റൈന്റെ കാര്യത്തില്‍ സംസ്ഥാനത്തിന് ആശയക്കുഴപ്പമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍.  ക്വാറന്റൈന്‍ സര്‍ക്കാര്‍ ഫലപ്രദമായി നടപ്പാക്കി വരുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ക്വാറന്റീന്‍ വിഷയത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി വി മുരളീധരന്‍ വിമര്‍ശം ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.

നിലവില്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ള 48,825 പേരില്‍ 48,287 പേരും വീടുകളിലാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ ഹോം ക്വാറന്റൈന്‍ വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. രോഗം പടര്‍ന്നു പിടിക്കുന്നത് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞതിന്റെ പ്രധാന കാരണം ഇതാണ്. പുതിയ സാഹചര്യത്തില്‍ പെയ്ഡ് ക്വാറന്റൈന്‍
സംവിധാനത്തെക്കുറിച്ചും ആലോചിക്കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ പണം നല്‍കി ഉപയോഗിക്കുന്ന പെയ്ഡ് ക്വാറന്റൈനില്‍  പ്രവേശിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുനിന്ന് മടങ്ങിവരുന്ന പ്രവാസികള്‍ക്ക് 14 ദിവസം സര്‍ക്കാര്‍ ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. പ്രവാസികള്‍ക്ക് ക്വാറന്റൈനില്‍ ഇളവ് വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളുകയും ചെയ്തിരുന്നു. പ്രവാസികള്‍ക്ക് ഏഴ് ദിവസം സര്‍ക്കാര്‍ ക്വാറന്റൈനും ഏഴ് ദിവസം ഹോം ക്വാറന്റൈനുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശമാണ് കേന്ദ്രം തള്ളിയത്. 

അതിനിടെ, ക്വാറന്റൈന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു. 14 ദിവസം സര്‍ക്കാര്‍ ക്വാറന്റൈന്‍ വേണമെന്ന നിര്‍ദ്ദേശം എന്തിനാണ് വെട്ടിക്കുറച്ച് ഏഴ് ദിവസമാക്കിയതെന്ന് അദ്ദേഹം ചോദിച്ചിരുന്നു. കേരള സര്‍ക്കാര്‍ വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താത്തതിനാലാണ് അങ്ങനെ ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി ആരോപിച്ചിരുന്നു. കേന്ദ്ര മാനദണ്ഡം പാലിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ്ക്വാറന്റൈനില്‍ ആശയക്കുഴപ്പമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com