മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണം; തൊഴിലുറപ്പു ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി

മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണം; തൊഴിലുറപ്പു ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി
മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളണം; തൊഴിലുറപ്പു ദിനങ്ങള്‍ വര്‍ധിപ്പിക്കണമെന്നും ധനമന്ത്രി

തിരുവനന്തപുരം: രാജ്യത്തെ കര്‍ഷകരുടെ വായ്പയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ള ആറുമാസത്തെ മോറട്ടോറിയം കാലയളവിലെ പലിശ എഴുതിത്തള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്. ഇത്തരത്തില്‍ പലിശ എഴുതിത്തള്ളിയാല്‍ കേന്ദ്രം പണം നല്‍കേണ്ടിവരും. ബാങ്കുകളും കേന്ദ്ര സര്‍ക്കാരും പകുതി വീതം ബാധ്യത ഏറ്റെടുത്താലും കേന്ദ്രം പണം നല്‍കേണ്ടിവരും. കര്‍ഷകരുടെ കൈകളിലേക്ക് നേരിട്ട് പണം എത്തിക്കാനുള്ള യാതൊന്നും ഇപ്പോള്‍ പ്രഖ്യാപിച്ച പാക്കേജിലില്ലെന്ന് ധനമന്ത്രി പറഞ്ഞു.

ഇപ്പോള്‍ കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചതനുസരിച്ച് തൊഴിലുറപ്പ് പദ്ധതിയില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുകയാണ്. ഈ സാഹചര്യത്തില്‍ തൊഴില്‍ ദിനങ്ങള്‍ 150 ആയി വര്‍ദ്ധിപ്പിക്കുകയാണ് വേണ്ടത്. അതേസമയം തൊഴിലുറപ്പ് പദ്ധതിയുടെ മുടക്കുമുതല്‍ വര്‍ധിപ്പിച്ചിട്ടില്ല. 2018-19ല്‍ 55000 കോടി രൂപയാണ് ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇതില്‍ 5000 കോടി രൂപ മാത്രമാണ് ഈ വര്‍ഷം വര്‍ധിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തിയ ജോലികള്‍ക്കുള്ള പണം നല്‍കിയിട്ടുമില്ല. 2019 ഏപ്രിലില്‍ 27.9 കോടി പ്രവൃത്തിദിനങ്ങളാണ് രാജ്യത്തുണ്ടായത്. ഈ വര്‍ഷം ഏപ്രിലില്‍ 11.08 കോടി ദിനങ്ങളാണ് ആകെ ഉണ്ടായത്.

അതിഥി തൊഴിലാളികള്‍ക്കായി 11000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയതായി പറയുന്നു. കേരളത്തിന് എസ്. ഡി. ആര്‍. എഫില്‍ നിന്ന് ലഭിച്ചത് 157 കോടി രൂപയാണ്. കേന്ദ്രമാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് 25 ശതമാനം മാത്രമേ അതിഥി തൊഴിലാളികള്‍ക്കായി വിനിയോഗിക്കാനാവൂ. കേരളത്തിന് ലഭിച്ച തുക ജില്ലാ കലക്ടര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ധനമന്ത്രി പറഞ്ഞു.

രാജ്യത്തെ പതിനേഴ് സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ തന്നെ പോര്‍ട്ടബിള്‍ റേഷന്‍ കാര്‍ഡ് സംവിധാനം നിലനില്‍ക്കുന്നു. കേരളത്തില്‍ രണ്ടു മാസത്തിനകം ഇത് നടപ്പാകും. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ തയ്യാറായിക്കൊണ്ടിരിക്കുകയാണ്. റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്കും കേരളം റേഷന്‍ നല്‍കി. കുടിയേറ്റത്തൊഴിലാളികള്‍ക്കായി പ്രത്യേക നിധി രൂപീകരിക്കുകയായിരുന്നു വേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കി.

ജി. എസ്. ടിയുടെ സംസ്ഥാന വിഹിതം നല്‍കുന്നതിന് അനുകൂല പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന് 3000 കോടി രൂപ ലഭിക്കേണ്ടിടത്ത് 200 കോടി രൂപയാണ് ലഭിച്ചതെന്ന് മന്ത്രി അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com