സംസ്ഥാനത്ത് കനത്ത മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; മെയ് 19വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

മെയ് 16ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,പാലക്കാട് ജില്ലകളിലും മെയ് 18ന് എറണാകുളം ,ഇടുക്കി ,ആലപ്പുഴ,പാലക്കാട് ,തൃശ്ശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് കനത്ത മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലര്‍ട്ട്; മെയ് 19വരെ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം.  മണിക്കൂറില്‍ 30 മുതല്‍ 40 കിമീ വരെ വേഗതയില്‍ കാറ്റടിക്കുമെന്നാണ് മുന്നറിയിപ്പ്. കാറ്റും ഇടിമിന്നലും മെയ് 19 വരെ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.  മെയ് 16ന് എറണാകുളം ,ഇടുക്കി ,തൃശ്ശൂര്‍ ,പാലക്കാട് ജില്ലകളിലും മെയ് 18ന് എറണാകുളം ,ഇടുക്കി ,ആലപ്പുഴ,പാലക്കാട് ,തൃശ്ശൂര്‍ ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

കേരളത്തില്‍ ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണം. മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന മല്‍സ്യത്തൊഴിലാളികള്‍ ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ജാഗ്രത പാലിക്കണം. ചെറു വള്ളങ്ങളിലും മറ്റും മല്‍സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്നവര്‍ ഇടിമിന്നല്‍ സമയത്ത് വള്ളത്തില്‍ നില്‍ക്കുന്നത് അപകട സാധ്യത വര്‍ധിപ്പിക്കാന്‍ ഇടയുണ്ട്. 


ഇടിമിന്നല്‍ ജാഗ്രത നിര്‍ദ്ദേശങ്ങള്‍

കേരളത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന മഴയോടനുബന്ധിച്ച് ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത ഉണ്ട് (ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം). ഇത്തരം ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കും.

പൊതു നിര്‍ദ്ദേശങ്ങള്‍

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ജനലും വാതിലും അടച്ചിടുക.
ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക.
കഴിയുന്നത്ര ഗൃഹാന്തര്‍ ഭാഗത്ത് ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതെ ഇരിക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെറസ്സിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
വീടിനു പുറത്താണങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
വാഹനത്തിനുള്ളില്‍ ആണങ്കില്‍ തുറസ്സായ സ്ഥലത്ത് നിര്‍ത്തി, ലോഹ ഭാഗങ്ങളില്‍ സ്പര്‍ശിക്കാതെ ഇരിക്കണം.
ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ ഇറങ്ങുവാന്‍ പാടില്ല.
പട്ടം പറത്തുവാന്‍ പാടില്ല.
തുറസ്സായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
ഇടിമിന്നലുള്ള സമയം പുറത്ത് അയയില്‍ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങള്‍ എടുക്കാതിരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com