കോവിഡ് 19: കേരളത്തിന്റെ നഷ്ടം ഒന്നേകാല്‍ ലക്ഷം കോടി; ചെലവു നിയന്ത്രണം പരിശോധിക്കാന്‍ സമിതി

കോവിഡ് 19: കേരളത്തിന്റെ നഷ്ടം ഒന്നേകാല്‍ ലക്ഷം കോടി; ചെലവു നിയന്ത്രണം പരിശോധിക്കാന്‍ സമിതി
കോവിഡ് 19: കേരളത്തിന്റെ നഷ്ടം ഒന്നേകാല്‍ ലക്ഷം കോടി; ചെലവു നിയന്ത്രണം പരിശോധിക്കാന്‍ സമിതി

തിരുവനന്തപുരം: കോവിഡ് 19നെ തുടര്‍ന്നുള്ള സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തുണ്ടായ പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനം നടത്താന്‍ ചുമതലപ്പെടുത്തിയ സംസ്ഥാന പ്ലാനിങ് ബോര്‍ഡിന്റേയും ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫൈനാന്‍സ് ആന്റ് ടാക്‌സേഷന്റേയും റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ടിലെ അനുമാനപ്രകാരം ആഭ്യന്തര വരുമാനത്തില്‍ ശരാശരി  1,25,657 കോടി രൂപയുടെ നഷ്ടം വരുമെന്നും ബജറ്റ് എസ്റ്റിമേറ്റിലെ 1,14,636ല്‍ നിന്നും റവന്യൂ വരുമാനം 81,180 കോടി രൂപയായി കുറയുമെന്നും കണക്കാക്കിയിട്ടുണ്ട്. റവന്യൂ വരുമാന നഷ്ടം 35,455 കോടി രൂപയാണ്. സാമൂഹ്യക്ഷേമ ചെലവുകള്‍ അടക്കമുള്ള ചെലവുകള്‍ അതേപടി തുടരുകയും ചെയ്താല്‍ റവന്യൂ കമ്മിയും ധനകമ്മിയും വര്‍ധിക്കും.

സര്‍ക്കാരിന്റെ ചെലവുകളില്‍ സാധ്യമായ ക്രമീകരണങ്ങള്‍ വരുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ ഒരു ദ്രുത പഠനം നടത്തി ജൂണ്‍ ആദ്യവാരം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സാമ്പത്തിക വിദഗ്ദ്ധനും സിഡിഎസ് ഡയറക്ടറുമായ ഡോ. സുനില്‍ മാണി അധ്യക്ഷനും ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കണ്‍വീനറുമായ സമിതി രൂപീകരിച്ചിട്ടുണ്ട്.

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ പൊതുവായി വരുമാനനഷ്ടം ഉണ്ടായിരിക്കെ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കുന്ന നികുതി വിഹിതത്തിലും കുറവുണ്ടാകും. ഇത് കാരണമുണ്ടാകുന്ന ധന ഞെരുക്കം മറികടക്കാനാണ് സംസ്ഥാനത്തിന്റെ വായ്പാപരിധി ആഭ്യന്തര വരുമാനത്തിന്റെ മൂന്ന് ശതമാനത്തില്‍ നിന്നും അഞ്ച് ശതമാനമാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് കേരളം ആവശ്യപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ അവരുടെ വായ്പാ പരിധി 5.5 ശതമാനമായി ഈയിടെ ഉയര്‍ത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളുടെ കാര്യത്തില്‍ മൂന്നു ശതമാനമായി തുടരുന്നത് ഫെഡറല്‍ സംവിധാനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ്19 സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്തെ എങ്ങനെ ബാധിച്ചു എന്ന് വിശദമായി പഠിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച വിഗദ്ധ സമിതി  പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതിനായി ഒരു സര്‍വേ നടത്തുകയാണ്. സര്‍വെയ്ക്കുള്ള ചോദ്യാവലി പ്രസിദ്ധീകരിച്ചു. സംഘടനകള്‍, സ്ഥാപനങ്ങള്‍, ഉല്‍പാദന, വ്യാപാര, സേവന മേഖലകളിലെ അസോസിയേഷനുകള്‍, വ്യക്തിഗത സ്ഥാപനങ്ങള്‍, വ്യക്തികള്‍ എന്നിവരെ ലക്ഷ്യമിട്ടാണ് ചോദ്യാവലി. കോവിഡ്19ഉം ലോക്ക്ഡൗണുംമൂലം വിവിധ മേഖലകളില്‍ എന്തെല്ലാം ആഘാതങ്ങള്‍ ഉണ്ടായി എന്നത് സംബന്ധിക്കുന്ന ചോദ്യങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സാമ്പത്തികാഘാതം മറികടക്കാന്‍ ആവശ്യമായ സമയത്തെക്കുറിച്ചും മാര്‍ഗങ്ങളെക്കുറിച്ചും ചോദ്യങ്ങളുണ്ട്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാരിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ ഈ സര്‍വേയില്‍ ഉള്‍പ്പെടുന്നില്ല. സര്‍വേയുടെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പൊതുകാര്യങ്ങള്‍ക്കാണ് ഉപയോഗിക്കുക.

മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, അഡീഷണല്‍ ചീഫ് സെക്രട്ടറി (ധനകാര്യം) രാജേഷ്‌കുമാര്‍ സിങ് (കണ്‍വീനര്‍), സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം ആര്‍ രാമകുമാര്‍ എന്നിവരാണ് വിദഗ്ധ സമിതി അംഗങ്ങള്‍. ഒരു മാസത്തിനുള്ളില്‍ ഇടക്കാല പഠന റിപ്പോര്‍ട്ടും മൂന്നു മാസത്തിനകം അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com