കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാസ്ക് വിതരണം :  എംഎൽഎയ്ക്കെതിരെ കേസെടുത്തു

എംഎൽഎ അടക്കം ജനപ്രതിനിധികളും നേതൃത്വം നൽകിയ മാസ്ക് വിതരണ ചടങ്ങിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നത്
കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് മാസ്ക് വിതരണം :  എംഎൽഎയ്ക്കെതിരെ കേസെടുത്തു

കൊച്ചി : എറണാകുളം ജില്ലയിലെ അങ്കമാലി കാലടിയിൽ സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിച്ച് മാസ്ക് വിതരണം നടത്തിയ സംഭവത്തിൽ റോജി എം ജോൺ എംഎൽഎയ്ക്കെതിരെ കേസെടുത്തു. കാലടി പൊലീസാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. പരിപാടിയുടെ സം​ഘാടകനായ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി ജോ‍ർജിനെതിരെയും കേസെടുത്തിട്ടുണ്ട്.

കൊച്ചി കാലടിയിൽ എംഎൽഎ അടക്കം ജനപ്രതിനിധികളും പ്രാദേശിക കോൺഗ്രസ് നേതാക്കളും നേതൃത്വം നൽകിയ മാസ്ക് വിതരണ ചടങ്ങിലാണ് കോവിഡ് പ്രോട്ടോക്കോൾ ലംഘനം നടന്നത്. അറുപതോളം കുട്ടികളെ പങ്കെടുപ്പിച്ചായിരുന്നു സാമൂഹിക അകലം എന്ന നിര്‍ദ്ദേശത്തിന് പുല്ലുവില നൽകിയ ചടങ്ങ് നടന്നത്.

കാലടി ബ്ലോക്ക് ഡിവിഷനിൽപ്പെട്ട അഞ്ചുമുതൽ 12 വരെ വാർഡുകളിലെ കുട്ടികൾക്കായാണ് ജനപ്രതിനിധികൾ മാസ്ക് വിതരണം നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി പി ജോ‍ർജ് ആയിരുന്നു സംഘാടകൻ. ഉദ്ഘാടനം നിർവഹിച്ചത് അങ്കമാലി എം എൽ എ റോജി എം ജോൺ. പ്രാദേശിക കോൺഗ്രസ് നേതാക്കളും കൂട്ടത്തോടെ ചടങ്ങിനെത്തി. 60 ഓളം കുട്ടികളാണ് മാസ്ക് വാങ്ങാൻ തിങ്ങിക്കൂടിയത്. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും എത്തി

യാതൊരു സുരക്ഷാ മാനദണ്ഡവുമില്ലാതെ ആയിരുന്നു ചടങ്ങ് നടത്തിയത്. സാമൂഹിക അകലം എന്നത് പരി​ഗണിക്കുക പോലും ചെയ്യാതെ,  കുട്ടികളെ ചേർത്തു നിർത്തിയായിരുന്നു നേതാക്കളുടെ മാസ്ക് വിതരണം.ഏറ്റവുമൊടുവിൽ എല്ലാവരേയും ചേർത്ത് നിർത്തി ഗ്രൂപ്പ് ഫോട്ടോയും എടുത്തിരുന്നു. ഈ ചടങ്ങിനെക്കുറിച്ച് വിമർശനം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് കേസെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com