നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത് ദിവസങ്ങള്‍; ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കാര്‍ യാത്ര അവസാനിച്ചത് അപകടത്തില്‍; അച്ഛനും മകളും മരിച്ചു

ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല.
നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്നത് ദിവസങ്ങള്‍; ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കാര്‍ യാത്ര അവസാനിച്ചത് അപകടത്തില്‍; അച്ഛനും മകളും മരിച്ചു

കോഴിക്കോട്: തെലങ്കാനയിലെ നിസാമാബാദില്‍ ലോറിയ്ക്ക് പിന്നില്‍ കാറിടിച്ച് മരിച്ച മൂന്നു പേരില്‍ രണ്ടു പേര്‍ കോഴിക്കോട് ചെമ്പുകടവ് സ്വദേശികള്‍. ചെമ്പുകടവ് മാഞ്ചേരില്‍ തോമസിന്റെ മകന്‍ അനീഷ് (36), അനീഷിന്റെ മകള്‍ അനാലിയ (ഒന്നര) എന്നിവരാണ് മരിച്ചത്. ഡ്രൈവര്‍ മംഗളൂരു സ്വദേശിയും മലയാളിയുമായ സ്‌റ്റെനിയും  മരിച്ചു. ഇന്ന് വെളുപ്പിന് രണ്ട് മണിക്ക് അപകടം നടന്നതായാണ് വീട്ടില്‍ വിവരം കിട്ടിയത്. ബിഹാറില്‍നിന്ന് കോഴിക്കോട്ടേക്ക് വരുന്ന വഴിയാണ് അപകടത്തില്‍പെട്ടത്.

കാറിന്റെ പിന്‍സീറ്റിലിരുന്ന അനീഷിന്റെ ഭാര്യ ദിവ്യയെയും മൂത്ത കുട്ടിയെയും പരിക്കുകളോടെ നിസാമാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനീഷിന്റെ സഹോദരനും കുടുംബവും മറ്റൊരു വാഹനത്തില്‍ ഇവര്‍ക്കൊപ്പം കോഴിക്കോട്ടേക്ക് പുറപ്പെട്ടിരുന്നു.  ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് കരുതുന്നത്. ബീഹാര്‍ വാസ്‌ലിഗഞ്ചില്‍ സെന്റ് തെരേസാസ് സ്‌കൂളിലെ അധ്യാപകനാണ് അനീഷ്.

ഭര്‍ത്താവും കുഞ്ഞും മരിച്ച വിവരം ദിവ്യയെയും മകളെയും അറിയിച്ചിട്ടില്ല. പരിക്കുകള്‍ ഗുരുതരമല്ലാത്തതിനാല്‍ ഇവരെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത് നാട്ടിലേക്കു കൊണ്ടുവരുന്നുണ്ട്.

നവാഡയില്‍ നിന്നു രണ്ടു കാറുകളിലായാണ് മലയാളി സംഘം 14നു വൈകിട്ട് കേരളത്തിലേക്ക് യാത്ര തിരിച്ചത്. അനീഷിന്റെ സഹോദരന്‍ അനൂപിന്റെ ഭാര്യയുടെ പ്രസവം നാട്ടിലാകണമെന്നതിനാലാണ് സഹോദരന്റെ കുടുംബത്തോടൊപ്പം കാറില്‍ നാട്ടിലേക്ക് യാത്ര തിരിച്ചത്. 

രാത്രിയില്‍ റോഡിനു നടുക്കു നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിച്ചാണ് അപകടമുണ്ടായത്. കേടായ ലോറി ലൈറ്റൊന്നുമിടാതെ റോഡിനു കുറുകെ നിര്‍ത്തിയിട്ടിയിരിക്കുകയായിരുന്നു. ലോറിക്കു മുന്നിലായി കുറച്ചു കല്ലുകളിട്ടിരുന്നുവെന്നു മാത്രം. 

കേരളത്തിലേക്കു പട്‌നയില്‍ നിന്നു ട്രെയിന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നോര്‍ക്കയില്‍ ഇവര്‍ പേരു റജിസ്റ്റര്‍ ചെയ്തിരുന്നു. ദിവസങ്ങള്‍ കാത്തിരുന്നിട്ടും ട്രെയിന്‍ സര്‍വീസുണ്ടാകുമെന്ന സൂചനകളൊന്നുമുണ്ടാകാത്തതിനെ തുടര്‍ന്നാണ് കാറില്‍ യാത്ര തിരിച്ചത്. റോഡു മാര്‍ഗം കേരളത്തിലെത്താനാണ് നോര്‍ക്കയില്‍ നിന്നു നിര്‍ദേശമുണ്ടായതും. ഞായറാഴ്ച പട്‌നയില്‍ നിന്നു കോഴിക്കോട്ടേക്കു മറ്റൊരു സംഘം ബസില്‍ യാത്ര തിരിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com