വയനാട്ടിൽ അതീവ ജാ​ഗ്രത; മാനന്തവാടിയും വെള്ളമുണ്ടയും പൂർണമായി അടച്ചിടും; ആശങ്കയായി പൊലീസുകാരുടെ സമ്പർക്ക പട്ടിക 

വയനാട്ടിൽ അതീവ ജാ​ഗ്രത; മാനന്തവാടിയും വെള്ളമുണ്ടയും പൂർണമായി അടച്ചിടും; ആശങ്കയായി പൊലീസുകാരുടെ സമ്പർക്ക പട്ടിക 
വയനാട്ടിൽ അതീവ ജാ​ഗ്രത; മാനന്തവാടിയും വെള്ളമുണ്ടയും പൂർണമായി അടച്ചിടും; ആശങ്കയായി പൊലീസുകാരുടെ സമ്പർക്ക പട്ടിക 

കൽപ്പറ്റ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വയനാട്ടിൽ അതീവ ജാ​ഗ്രത. മുൻകരുതലിന്റെ ഭാ​ഗമായി മാനന്തവാടിയും വെളളമുണ്ട പഞ്ചായത്തും പൂർണമായും അടച്ചിട്ട് നിയന്ത്രണങ്ങൾ കടുപ്പിക്കും. കൂടുതൽ പഞ്ചായത്തുകൾ അടച്ചിട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 

പ്രതിരോധ നടപടികളുടെ ഭാ​ഗമായി മാനന്തവാടി മുൻ‌സിപ്പാലിറ്റിയും തിരുനെല്ലി, എടവക പഞ്ചായത്തുകളും നേരത്തെ അടച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നത്. പുറത്തു നിന്ന് ആർക്കും മാനന്തവാടിയിലേക്ക് പ്രവേശനമുണ്ടായിരിക്കില്ല. പുറത്തു നിന്നുള്ളവരെ ഒരു കാരണവശാലും നിയന്ത്രണ മേഖലയിലേക്ക് പ്രവേശിപ്പിക്കരുതെന്നും നിർദ്ദേശമുണ്ട്. 

രോ​ഗ ബാധിതരായ പൊലീസുകാരുടെ സമ്പർക്ക പട്ടിക വളരെ വലുതായത് ആശങ്കയുളവാക്കുന്നുണ്ട്. പൊലീസുകാരിൽ ഒരാൾക്ക് 72 ഇടങ്ങളിലാണ് സമ്പർക്കമുള്ളത്. രണ്ടാമത്തെ ആൾക്ക് 52 ഇടങ്ങളിൽ സമ്പർക്കമുണ്ട്. ഡിവൈഎസ്പിയുടെ സുരക്ഷാ ഉദ്യോ​ഗസ്ഥന്റെ സമ്പർക്ക പട്ടിക ഇന്ന് പുറത്തിറക്കും. ഇതോടെ കൂടുതൽ പൊലീസുകാർ സമ്പർക്ക പട്ടികയിൽ ഇടം പിടിക്കും. പൊലീസുകാരുടെ സമ്പർക്ക പട്ടികയിലുള്ളവർ ഭൂരിഭാഗവും സേനാം​ഗങ്ങളാണ്.

നിലവിൽ 19 പേരാണ് ജില്ലയിൽ ചികിത്സയിലുള്ളത്. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ട്രക്ക് ഡ്രൈവറുടെ മരുമകൻ തിരുനെല്ലി പഞ്ചായത്തിൽ പലചരക്കു കട നടത്തുന്നയാളാണ്. ഈ കടയിൽ പ്രദേശത്തെ ആദിവാസി വിഭാഗക്കാരടക്കം നിരവധിയാളുകൾ വന്നു പോയിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പിൻറെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് രോഗ ബാധയ്ക്ക് സാധ്യത നൽകാതെ തിരുനെല്ലി എടവക പഞ്ചായത്തുകളും മാനന്തവാടി മുനിസിപ്പാലിറ്റിയും പൂർണമായും അടച്ചിടാൻ തീരുമാനമുണ്ടായത്. കൂടാതെ അമ്പലവയൽ , മീനങ്ങാടി, വെള്ളമുണ്ട, നെന്മേനി പഞ്ചായത്തുകൾ ഭാഗികമായും കണ്ടെയിൻമെൻറ് സോണാക്കിയിട്ടുണ്ട്.

രോഗികളായ 19 പേരിൽ 15 പേർക്കും രോഗം പകർന്നത് കോയമ്പേട് പോയിവന്ന ട്രക് ഡ്രൈവറിലൂടെയാണ്. ഇയാൾക്ക് ബാധിച്ച വൈറസിന് പ്രഹര ശേഷി കൂടുതലായതിനാലാണ് ഇത്തരത്തിലുള്ള രോഗപ്പകർച്ച സംഭവിച്ചതെന്നാണ് വിദഗ്ധരുടെ നിഗമനം. ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽപേർക്ക് ഇനി രോഗബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നൽകുന്നു. നിലവിൽ 2030 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ ആറ് പേർ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com