കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കി ;  യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു
കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കി ;  യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മലപ്പുറം : കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കി കബളിപ്പിച്ചതിന് പ്രതികാരമായി യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും,   നാലു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കേസിലെ ഒന്നാം പ്രതിയായ  എടപ്പാള്‍ അയിലക്കാട് സ്വദേശി നരിയന്‍ വളപ്പില്‍ കിരണ്‍ (18) ആണ് അറസ്റ്റിലായത്. മേയ് ഒന്‍പതിനാണ് പൊന്നാനി ഉറൂബ് നഗര്‍ സ്വദേശിയായ അമല്‍ ബഷീറിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സംഘം മോചനദ്രവ്യം ആവശ്യപ്പെട്ടത്. 

കിരണും സംഘവും കഞ്ചാവ് വാങ്ങാനായി അമല്‍ ബഷീറിന് 45,000 രൂപ നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ കഞ്ചാവിന് പകരം കമ്യൂണിസ്റ്റ് പച്ച ഉണക്കി നല്‍കുകയായിരുന്നു. ഇതിന് പ്രതികാരമായാണ് കിരണ്‍ അമലിനെ അയിലക്കാട്ടെ സുഹൃത്തിന്റെ വീട്ടിലേക്കെന്നുപറഞ്ഞ് വീട്ടില്‍നിന്ന് വിളിച്ചിറക്കിയത്. ചിറക്കലില്‍വെച്ച് കാറിലെത്തിയസംഘം അമല്‍ ബഷീറിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോവുകയുമായിരുന്നു. 

തുടര്‍ന്ന് ഒരു കിലോ മീറ്റര്‍ ദൂരെയുള്ള കാഞ്ഞിരത്താണി വട്ടക്കുന്നില്‍ ആളൊഴിഞ്ഞ പ്രദേശത്തു വെച്ച് മര്‍ദിക്കുകയും കത്തികൊണ്ട് ദേഹമാസകലം മുറിവേല്‍പ്പിക്കുകയും ചെയ്തു. ഇയാളുടെ പേഴ്‌സിലുണ്ടായിരുന്ന 6000 രൂപ ഇവർ കൈക്കലാക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടില്‍വിളിച്ച് മോചനദ്രവ്യമായി നാലു ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വീട്ടുകാർ നൽകിയ പരാതിയിലാണ് ഒന്നാംപ്രതി അറസ്റ്റിലായത്.   

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com