ബസ്സുകള്‍ ഓടുമോ ? ; നാലാംഘട്ട ലോക്ക്ഡൗണില്‍ കേരളത്തിലെ ഇളവുകള്‍ ഇന്നറിയാം

രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് നിയന്ത്രണം
ഫയൽ ചിത്രം
ഫയൽ ചിത്രം

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ രാജ്യവ്യാപകമായി നാലാംഘട്ടത്തിലേക്ക് നീട്ടിയതോടെ കേരളത്തില്‍ ഏതൊക്കെ മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമെന്ന് ഇന്നറിയാം. അന്തര്‍ ജില്ലാ യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കും ഉള്ള അനുമതികള്‍ കേന്ദ്രസര്‍ക്കാര്‍  സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും തീരുമാനത്തിന് വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബസ് സര്‍വീസ് തുടങ്ങണോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളും. 

യാത്രാ വാഹനങ്ങളും ബസുകള്‍ക്കും അതത് സംസ്ഥാനങ്ങളുടെ അനുവാദത്തോടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്താമെന്നാണ് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. അന്തര്‍ ജില്ലാ യാത്രകളുടെ കാര്യത്തിലും അതത് സംസ്ഥാനങ്ങളാണ് നിലപാട് വ്യക്തമാക്കേണ്ടത്. ബാര്‍ബര്‍ ഷോപ്പുകള്‍, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവയ്ക്ക് നിരോധനമുള്ളതായി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നില്ല. ഈ സാഹചര്യത്തില്‍ ഇതിന്മേലും സംസ്ഥാന സര്‍ക്കാരുകളാണ് തീരുമാനമെടുക്കേണ്ടത്.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അവശ്യസേവനങ്ങള്‍ മാത്രമേ പാടുള്ളൂ. ഈ പ്രദേശങ്ങളില്‍ നിന്ന് പുറത്തേക്കും അകത്തേക്കുമുള്ള സഞ്ചാരം കടുത്ത നിയന്ത്രണത്തിന് വിധേയമായിട്ടായിരിക്കും. ഇവിടങ്ങളില്‍ കഴിയുന്നവരുമായി പ്രതിരോധ ഏജന്‍സികള്‍ നിരന്തരം ബന്ധപ്പെടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാത്രി കാലത്ത് സഞ്ചാരം പാടില്ല. രാത്രി ഏഴ് മണി മുതല്‍ രാവിലെ ഏഴ് മണി വരെയുള്ള സമയത്താണ് നിയന്ത്രണം. 65 വയസിന് മുകളില്‍ പ്രായമുള്ളവരും പത്ത് വയസില്‍ താഴെ പ്രായമുള്ളവരും ഗര്‍ഭിണികളും ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരും വീടുകള്‍ക്ക് അകത്ത് തന്നെ കഴിയണമെന്ന് നിര്‍ദ്ദേശമുണ്ട്. 

വിവാഹ ചടങ്ങുകൾക്ക് 50 പേർ വരെ പങ്കെടുക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരണാനന്തര ചടങ്ങുകൾക്ക് 20 പേര്‍ക്കും ഒരു സമയം പങ്കെടുക്കാം. സ്പോർട്സ് കോംപ്ലക്സുകളും സ്റ്റേഡിയങ്ങളും ഉപാധികളോടെ തുറക്കാൻ അനുമതി നല്‍കും. എന്നാൽ കാഴ്ചക്കാരെ അനുവദിക്കില്ല. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ എന്നിവ അടഞ്ഞു കിടക്കും. എന്നാൽ, സമ്പർക്കവിലക്ക് സൗകര്യം ഏർപ്പെടുത്തിയതും ആരോഗ്യപ്രവർത്തകർക്കായി നീക്കിവെച്ചതുമായ ഹോട്ടലുകൾക്കു ഹോസ്പിറ്റാലിറ്റി സേവനങ്ങൾക്കായി പ്രവർത്തിക്കാം. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ കാന്റീനുകൾ തുടരും. ഭക്ഷണം പാഴ്സൽ കൊടുക്കുന്നതിനായി റെസ്റ്റോറന്റുകളിൽ അടുക്കള പ്രവർത്തിപ്പിക്കാം.

പ്രത്യേകമായി നിരോധിച്ചതല്ലാതെ മറ്റെല്ലാ സേവനങ്ങള്‍ക്കും അനുമതിയുണ്ട്. മെഡിക്കൽ പ്രവർത്തകർ, നഴ്സുമാര്‍, പാരാമെഡിക്കൽ സ്റ്റാഫ്, ശുചീകരണ തൊഴിലാളികൾ, ആംബുലൻസ് എന്നിവയുടെ സഞ്ചാരം സംസ്ഥാനങ്ങള്‍ക്ക് അകത്തും അതിർത്തിയിലും തടയരുത്. കാലിയായ ട്രക്കുകൾ ഉൾപ്പെടെ എല്ലാ ചരക്ക്–കാർഗോ വാഹനങ്ങളുടെയും സംസ്ഥാനാന്തര സഞ്ചാരം തടസ്സപ്പെടുത്തരുത്. സ്കൂൾ, കോളേജുകൾ, പരിശീലനസ്ഥാപനങ്ങൾ എന്നിവ തുറക്കരുത്.ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും അടച്ചിടൽ തുടരും. മതസമ്മേളനങ്ങൾക്ക് പൂർണ നിരോധനം.സിനിമാ തിയേറ്ററുകൾ, മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പർക്കുകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, അസംബ്ലിഹാളുകൾ, സമാനമായ സ്ഥലങ്ങൾ എന്നിവയ്ക്ക് നിരോധനം തുടരുമെന്നും കേന്ദ്രസർക്കാർ മാർ​ഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com