സര്‍ക്കാര്‍ ജീവനക്കാര്‍ 50  ശതമാനം ഹാജരാകണം; ശനിയാഴ്ച അവധി

ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി
സര്‍ക്കാര്‍ ജീവനക്കാര്‍ 50  ശതമാനം ഹാജരാകണം; ശനിയാഴ്ച അവധി


തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ എല്ലാ വിഭാഗത്തിലുംപെട്ട 50% ജീവനക്കാര്‍ ഹാജരാകേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബാക്കി 50% ജീവനക്കാര്‍ വീടുകളിലിരുന്ന് ഔദ്യോഗിക കൃത്യങ്ങള്‍ നിര്‍വഹിക്കണമെന്നും ആവശ്യമെങ്കില്‍ മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം ഓഫീസുകളില്‍ എത്തുകയും വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുജനങ്ങള്‍ക്കുള്ള സേവനം നല്‍കാന്‍ ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിന്യസിക്കേണ്ടതാണ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിദിവസമായിരിക്കും. 

തൊട്ടടുത്തുള്ള ജില്ലകളിലേക്ക് ജീവനക്കാര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. മറ്റു ജില്ലകളില്‍ നിന്നും സ്ഥിരമായി ഓഫീസിലേക്ക് യാത്ര ചെയ്യുന്നവരുണ്ടെങ്കില്‍ മേലധികാരിയുടെ സാക്ഷ്യപത്രം കൈയ്യില്‍ കരുതണം. 

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷം ഓഫീസുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു ദിവസത്തിനകം ജോലി ചെയ്യുന്ന ജില്ലകളിലേക്ക് മടങ്ങണം. ഇപ്രകാരം യാത്ര ചെയ്യാന്‍ കഴിയാത്തവര്‍ അതാത് ജില്ലാ കളക്ടറുടെ മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ജില്ലാ കളക്ടര്‍ കോവിഡ് 19 നിര്‍വ്യാപന പ്രവര്‍ത്തനങ്ങള്‍ക്കായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ജില്ലാ കളക്ട്രേറ്റിലോ അവരുടെ സേവനം ഉപയോഗിക്കേണ്ടതാണ്. 

പരീക്ഷാ നടത്തിപ്പിന് ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിനായി സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്. ഇതിന് ശനിയാഴ്ച ഒഴിവ് ബാധകമല്ല. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകള്‍ക്ക് അനുസൃതമായിട്ടായിരിക്കും പ്രവര്‍ത്തിക്കേണ്ടത്. ഉദ്പാദനപ്രക്രിയയില്‍ ഏര്‍പ്പെട്ടിരിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ അധിക സാമ്പത്തിക ബാധ്യത ഇല്ലാതെ ആവശ്യമായ ക്രമീകരണങ്ങള്‍ നടപ്പാക്കാവുന്നതാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com