കോവിഡ് രഹസ്യമാക്കി വെച്ച് ബസ് യാത്ര : മൂന്നുപ്രവാസികൾക്കെതിരെ കേസെടുത്തു ; ഇവരിൽ നിന്നും രോ​ഗം പകർന്നത് എട്ടുപേർക്ക്, ആശങ്ക

170 യാത്രക്കാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചു
കോവിഡ് രഹസ്യമാക്കി വെച്ച് ബസ് യാത്ര : മൂന്നുപ്രവാസികൾക്കെതിരെ കേസെടുത്തു ; ഇവരിൽ നിന്നും രോ​ഗം പകർന്നത് എട്ടുപേർക്ക്, ആശങ്ക

കൊല്ലം : കോവിഡ് രോഗം സ്ഥിരീകരിച്ച കാര്യം മറച്ചുവെച്ച് കെഎസ്ആർടിസി ബസിൽ യാത്രചെയ്ത മൂന്നു പ്രവാസികളുടെ പേരിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച അബുദാബിയിൽനിന്ന്‌ എത്തിയ മൂന്നുപേർക്കെതിരേയാണ് കേസെടുത്തത്. ബസ് യാത്രയ്ക്ക് ഇടയിൽ ഇവർ രോഗവിവരം സംസാരിക്കുന്നതുകേട്ട സഹയാത്രികനാണ് പൊലീസിനെ വിവരം അറിയിച്ചത്. 

രോഗവിവരം മറച്ചുവയ്ക്കുകയും മറ്റുള്ളവർക്ക് പകരുംവിധം പ്രവർത്തിക്കുകയും ചെയ്തതിനാണ് കേസെടുത്തതെന്ന് റൂറൽ എസ് പി ഹരിശങ്കർ പറഞ്ഞു. കൊല്ലം സ്വദേശികളും സുഹൃത്തുക്കളുമായ ഇവർ നിരീക്ഷണത്തിലായിരുന്നു. ഇവർക്കൊപ്പം വിമാനത്തിൽ ഉണ്ടായിരുന്ന എട്ടുപേർക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന് ഇവർക്കൊപ്പം സഞ്ചരിച്ച 170 യാത്രക്കാരെയും വിശദ പരിശോധനയ്ക്ക് വിധേയരാക്കാൻ അധികൃതർ തീരുമാനിച്ചു. 

അബുദാബിയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് കൊല്ലം സ്വദേശികൾക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. എന്നാൽ, ഇതു മറച്ചുെവച്ചാണ് ഇവർ വിമാനത്തിൽ യാത്രചെയ്ത് മെയ് 16 ന് തിരുവനന്തപുരത്തെത്തിയത്. അവിടെയും തങ്ങൾ രോഗബാധിതരാണെന്ന വിവരം മറച്ചുവച്ചു. കെഎസ്ആർടിസി ബസിൽ ഇവരെ കൊട്ടാരക്കര കിലയിലെ ഐസൊലേഷൻ സെന്ററിൽ എത്തിച്ചു. 

ഇതിനിടെ ഇവർ ബസിലിരുന്ന്‌ രോഗവിവരം സംസാരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട മറ്റൊരാളാണ് വിവരം പൊലീസിന് കൈമാറിയത്. കിലയിൽ എത്തിയപ്പോഴേക്കും ഇവർ അവശരായിരുന്നു. അവിടെയുള്ള ആരോഗ്യപ്രവർത്തകരും സംശയം പ്രകടിപ്പിച്ചതോടെ ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുമാറ്റി സ്രവം പരിശോധിച്ചു. കഴിഞ്ഞദിവസമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com