ബിബിസി അഭിമുഖത്തില്‍ മാഹി എന്ന് പറഞ്ഞപ്പോള്‍ ഗോവ എന്നായിപ്പോയി; പിഴവ് തിരുത്തി ആരോഗ്യമന്ത്രി

സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറ്റിയ പിഴവ് തിരുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ
ബിബിസി അഭിമുഖത്തില്‍ മാഹി എന്ന് പറഞ്ഞപ്പോള്‍ ഗോവ എന്നായിപ്പോയി; പിഴവ് തിരുത്തി ആരോഗ്യമന്ത്രി

കൊച്ചി: സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറ്റിയ പിഴവ് തിരുത്തി ആരോഗ്യമന്ത്രി കെ കെ ശൈലജ. അഭിമുഖത്തിനിടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി എന്നതിന് പകരം ഗോവ എന്നാണ് മന്ത്രി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടി സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ തെറ്റിപ്പോയതാണെന്നും പരാമര്‍ശം തിരുത്തുകയാണെന്നും മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. 


തെറ്റ് തിരുത്തിക്കൊണ്ട് മന്ത്രി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇങ്ങനെ: 

കോവിഡ്19 പ്രതിരോധത്തില്‍ മാതൃകയായ കേരളത്തെ പ്രതിനിധീകരിച്ച് ബി.ബി.സി. വേള്‍ഡില്‍ കഴിഞ്ഞ ദിവസം സംസാരിക്കാനുള്ള അവസരം ലഭിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരളം കൈവരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിരുന്നു അത്. കോവിഡ് പ്രതിരോധത്തില്‍ പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമുള്ള അഭിമാനകരമായ നിമിഷങ്ങളായിരുന്നു ആ ലൈവ് ഇന്റര്‍വ്യൂ. 216ലധികം ലോക രാഷ്ട്രങ്ങളില്‍ കോവിഡ് ബാധിച്ച ഈ സമയത്താണ് കൊച്ച് കേരളത്തെ ലോകത്തിലെ തന്നെ പ്രമുഖ മാധ്യമം ഏറ്റെടുത്തത്. കേരളത്തില്‍ 3 മരണമാണ് ഉണ്ടായതെന്നും നാലാമത്തെ മരണം ചികിത്സാ സൗകര്യമില്ലാത്തതിനാല്‍ ചികിത്സ തേടി കേരളത്തിലെത്തിയ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹി സ്വദേശിയുടേതായിരുന്നു എന്നുമാണ് പറയാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ഞാന്‍ പറഞ്ഞു വന്നപ്പോള്‍ ഗോവ എന്നായിപ്പോയി. തെറ്റായ പരാമര്‍ശം ഞാന്‍ തിരുത്തുകയാണ്. തുടര്‍ന്നും എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com