സ്വകാര്യബസ്സുടമകളുടെ നിലപാട് നിഷേധാത്മകം ; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് മന്ത്രി  

സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്
സ്വകാര്യബസ്സുടമകളുടെ നിലപാട് നിഷേധാത്മകം ; സമ്മര്‍ദ്ദത്തിന് വഴങ്ങില്ലെന്ന് മന്ത്രി  

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നിലവിലെ ബസ് ചാര്‍ജ് വര്‍ധന അപര്യാപ്തമാണെന്നും ബസ്സുകള്‍ ഓടിക്കില്ലെന്നുമുള്ള സ്വകാര്യ ബസ്സുടമകളുടെ നിലപാടിനെ വിമര്‍ശിച്ച് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍. ബസ്സുടമകളുടേത് നിഷേധാത്മക നിലപാടാണ്. അവര്‍ സാഹചര്യം മനസ്സിലാക്കി സഹകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

ബസ്സുടമകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല. സ്വകാര്യ ബസ് ഉടമകളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. മൂന്ന് മാസക്കാലത്തേക്ക് നികുതി അടക്കേണ്ടതില്ല എന്ന തീരുമാനവും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാരിന് ആ ഇനത്തില്‍ മാത്രം 36 കോടിയുടെ വരുമാന നഷ്ടമാണുണ്ടാകുന്നത്.

സര്‍ക്കാരും ഈ കാര്യത്തില്‍ ചില പ്രയാസങ്ങള്‍ പങ്കുവെയ്ക്കുകയാണ്. സര്‍ക്കാരും ബസ് ഉടമസ്ഥരും യാത്രക്കാരും ഇത്തരത്തില്‍ പെരുമാറേണ്ടതുണ്ട്. സ്വകാര്യ ബസ് ഉടമകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ കാണുമെന്നാണ് വിചാരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സര്‍വീസുകള്‍ ഒരു സമരത്തിന്റെ ഭാഗമായി നിര്‍ത്തിവെച്ചതല്ല. ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ബസുകള്‍ ഓടിക്കാന്‍ പാടില്ലെന്ന് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്. അത് പറഞ്ഞിരുന്നില്ലെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് അവര്‍ സര്‍വീസ് നടത്തുമായിരുന്നില്ലേയെന്നും മന്ത്രി ചോദിച്ചു. 

നിരക്ക് കൂട്ടിയാലും ബസ് ഓടിക്കില്ലെന്ന നിലപാട് മാറ്റണം. സര്‍വീസ് നടത്തണോ വേണ്ടയോ എന്ന് സ്വകാര്യ ബസുകളാണ് തീരുമാനിക്കേണ്ടത്. സര്‍വീസ് നടത്തുന്നില്ല എന്ന് ഈ ഘട്ടത്തില്‍ തീരുമാനിച്ചാല്‍ ബുദ്ധിപൂര്‍വമാണോ എന്ന് അവരാണ് തീരുമാനിക്കേണ്ടത്. സ്വകാര്യ ബസ് ഉടമകള്‍ സാഹചര്യം മനസിലാക്കി പെരുമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസി ബുധനാഴ്ച മുതല്‍ ജില്ലകൾക്കുള്ളിൽ പരമാവധി ഹ്രസ്വദൂര സര്‍വീസ് നടത്തുമെന്നും മന്ത്രി പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com