ഇടുക്കി ഡാമില്‍ ജലനിരപ്പ് 2343.7 അടി; 30 അടി കൂടി ഉയര്‍ന്നാല്‍ അണക്കെട്ട് തുറന്നേക്കുമെന്ന് മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2020 01:06 PM |
Last Updated: 20th May 2020 01:06 PM | A+A A- |

ഫയല്‍ ചിത്രം
ഇടുക്കി: ചെറുതോണി അണക്കെട്ടിലെ ജലനിരപ്പ് 30 അടി കൂടി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ ഉയര്‍ത്തി മുന്‍കരുതല്‍ എന്ന നിലയില്‍ വെള്ളം പുറത്തേക്ക് ഒഴുക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി എം എം മണി. 2343.7 അടി വെള്ളമാണ് ഇപ്പോള്‍ ഇടുക്കി സംഭരണിയില്‍ ഉള്ളത്. ജലനിരപ്പ് 2373 അടിയിലെത്തുമ്പോഴാണ് മുന്‍കരുതലെന്ന നിലയില്‍ വെള്ളം തുറന്നുവിടുന്നതു സംബന്ധിച്ച് തീരുമാനിക്കുക.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 20 അടി വെള്ളം ഇപ്പോള്‍ കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കലക്ടറേറ്റില്‍ ചേര്‍ന്ന ഡാം സുരക്ഷാ യോഗത്തില്‍ മന്ത്രി അറിയിച്ചു. മൂലമറ്റത്ത് പൂര്‍ണതോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാനാകാത്തതാണ് ജലനിരപ്പ് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടാന്‍ കാരണം. പ്രളയസാധ്യതയുള്ള പ്രദേശത്തെ ആളുകളെ വളരെ നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കി സുരക്ഷിത സ്ഥാനത്തേക്കു മാറ്റും. ഡാം സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ എറണാകുളം കലക്ടറെയും മുന്‍കൂട്ടി അറിയിക്കും. ആറുകളിലും മറ്റും നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യനീക്കം ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
കേന്ദ്ര ജല കമ്മിഷന്‍ അനുവദിച്ച നിയമം അനുസരിച്ച് ജൂണ്‍ 10 ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2373 അടിയിലെത്തിയാല്‍ ജലനിരപ്പ് താഴ്ത്തണം എന്നാണ് നയം. കഴിഞ്ഞ വര്‍ഷം 30 ദിവസത്തെ മഴയിലാണ് 2343ല്‍ നിന്ന് 2373 അടിയിലേക്ക് ഉയര്‍ന്നത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ 20 ദിവസം തുടര്‍ച്ചയായി ശക്തമായ മഴയുണ്ടായാല്‍ മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്തുന്നതിനെക്കുറിച്ച് വൈദ്യുതി വകുപ്പിന് ആലോചിക്കേണ്ടതായി വരികയുള്ളൂ.