ജൂണ്‍ 1 മുതല്‍ ജനശതാബ്ദി സര്‍വീസ് നടത്തും; റെയില്‍വെ സ്റ്റേഷനുകളില്‍ ഭക്ഷണശാലകള്‍ തുറക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th May 2020 10:25 PM |
Last Updated: 20th May 2020 10:37 PM | A+A A- |

തിരുവനന്തപുരം: ജനശതാബ്ദി ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ റെയില്‍വെ ബോര്‍ഡിന്റെ അനുമതി തിരുവനന്തപുരം -കോഴിക്കോട്, കണ്ണൂര്‍ - തിരുവനന്തപുരം ട്രെയിനുകള്‍ ഓടും. ജൂണ്‍ ഒന്നുമുതല്‍ പ്രത്യേക സര്‍വീസായാണ് ട്രെയിന്‍ ഓടുക.
കൂടാതെ മൂന്ന് ദീര്‍ഘദൂര ട്രെയിനുകളും കേരളത്തിലേക്ക് സര്‍വീസ് നടത്തും. ഡല്‍ഹി -എറണാകുളം, മുംബൈ- തിരുവനന്തപുരം, ലോകമാന്യതിലക് -തിരുവനന്തപുരം എന്നീ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വെ ബോര്‍ഡ് നിര്‍ദേശിച്ചത്. സര്‍വീസ് നടത്തുന്ന കാര്യത്തില്‍ ദക്ഷിണ റെയില്‍വെയും അതുമായി ബന്ധപ്പെട്ട ഡിവിഷനുകള്‍ കുടിയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടി കണക്കിലെടുത്താവും റെയില്‍വെ സര്‍വീസ് നടത്തുക. നിലവിലെ സാഹചര്യത്തില്‍ സ്‌റ്റോപ്പുകളുടെ എണ്ണത്തില്‍ കുറവുണ്ടായേക്കും.
ജൂണ്‍ ഒന്നുമുതല്‍ റെയില്‍വെ സ്‌റ്റേഷനുകളിലെ റെസ്‌റ്റോറന്റുകളും ബുക്ക് ഷോപ്പുകളും തുറക്കാനും അനുമതി നല്‍കും. എന്നാല്‍ ഭക്ഷണശാലകളില്‍ ഇരുന്ന് കഴിക്കാന്‍ അനുവദിക്കില്ല. പാര്‍സല്‍ സര്‍വീസ് മാത്രമായിരിക്കും ഉണ്ടാകുക
അടുത്ത മാസം ഒന്നുമുതല്‍ 200 യാത്രാ തീവണ്ടികള്‍ അധികം ഓടിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ നേരത്തെ പറഞ്ഞിരുന്നു. നോണ്‍ എ.സി തീവണ്ടികളായിരിക്കും ഇത്. നിലവില്‍ 15 യാത്ര തീവണ്ടികളാണ് രാജ്യത്ത് സര്‍വീസ് നടത്തുന്നത്. ഇവ എസി ട്രെയിനുകളാണ്. വശ്യമാണെങ്കില്‍ 200 സ്‌പെഷ്യല്‍ ട്രെയിനുകള്‍ എന്നത് എണ്ണം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.