24 വര്‍ഷം മുമ്പ് അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങി, ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്തി; പ്രതിയെ പൊലീസ് കുരുക്കി

24 വര്‍ഷം മുമ്പ് അയല്‍വാസിയെ കൊലപ്പെടുത്തി മുങ്ങി, ലോക്ക് ഡൗണ്‍ കാലത്ത് നാട്ടിലെത്തി; പ്രതിയെ പൊലീസ് കുരുക്കി
പിടിയിലായ വര്‍ക്കി, കൊല്ലപ്പെട്ട ബെന്നി
പിടിയിലായ വര്‍ക്കി, കൊല്ലപ്പെട്ട ബെന്നി

കോട്ടയം:  അയല്‍വാസിയെ കൊലപ്പെടുത്തി ആള്‍മാറാട്ടം നടത്തി കഴിഞ്ഞ പ്രതി ഇരുപത്തിനാലു വര്‍ഷത്തിനു ശേഷം പിടിയില്‍. കാണക്കാരി കുറ്റിപ്പറമ്പില്‍ വര്‍ക്കിയാണ് കുറവിലങ്ങാട് പൊലീസിന്റെ പിടിയിലായത്. കര്‍ണാടകയിലെ ശിവമൊഗ്ഗയില്‍ ആള്‍മാറാട്ടം നടത്തിയ കഴിയുകയായിരുന്നു. 

1996ലാണ് കാണക്കാരി അമ്മിണിശേരില്‍ ജോസഫിന്റെ മകന്‍ ബെന്നി കൊല്ലപ്പെട്ടത്. സമീപത്തെ പാടത്തിനോടു ചേര്‍ന്ന കുളത്തില്‍ കെട്ടിത്താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രതി അയല്‍വാസിയായ വര്‍ക്കിയാണെന്നു പൊലീസ് കണ്ടെത്തിയെങ്കിലും പിടികൂടും മുമ്പ് മുങ്ങ്. പലയിടത്തും പൊലീസ് അന്വേഷിച്ചെങ്കിലും വര്‍ക്കിയെ കണ്ടെത്താനായില്ല.

ലോക്ഡൗണ്‍ കാലത്ത് നാട്ടിലെത്തിയ വര്‍ക്കിയെ പൊലീസ് കുരുക്കുകയായിരുന്നു. 24 വര്‍ഷത്തിനു ശേഷം തിങ്കളാഴ്ച വൈകിട്ടാണ് വര്‍ക്കി ബന്ധുക്കളെ കാണാനെത്തിയത്. കാണക്കാരിയിലെ സഹോദരന്റെ വീട്ടിലാണ് വര്‍ക്കി എത്തിയത്. നര്‍കോടിക് ഡിവൈഎസ്പി വിനോദ് പിള്ളയ്ക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു രാത്രി തന്നെ പൊലീസ് വീടു വളഞ്ഞു പിടികൂടുകയായിരുന്നു. 

തമിഴ്‌നാട്ടിലും തുടര്‍ന്ന് കര്‍ണാടകയിലെ ശിവമൊഗ്ഗയിലുമാണ് വര്‍ക്കി ഒളിവില്‍ കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. അലക്‌സ് എന്ന പേരില്‍ വ്യാജ  ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകളും സംഘടിപ്പിച്ചു.

പൊലീസ് എത്തി പിടികൂടിയപ്പോഴും താന്‍ അലക്‌സ് ആണെന്ന് ആവര്‍ത്തിക്കുകയാണ് വര്‍ക്കി ചെയ്തത്. എന്നാല്‍ കൊല്ലപ്പെട്ട ബെന്നിയുടെ പിതാവ് ജോസഫ് ഉള്‍പ്പെടെയുള്ളവര്‍ എത്തി തിരിച്ചറിയുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com