ആപ്പ് എവിടെ? ആകാംക്ഷയില്‍ മദ്യപര്‍; മദ്യശാലകള്‍ തുറക്കുന്നതില്‍ വ്യക്തതയായില്ല

ആപ്പ് എവിടെ? ആകാംക്ഷയില്‍ മദ്യപര്‍; മദ്യശാലകള്‍ തുറക്കുന്നതില്‍ വ്യക്തതയായില്ല
ആപ്പ് എവിടെ? ആകാംക്ഷയില്‍ മദ്യപര്‍; മദ്യശാലകള്‍ തുറക്കുന്നതില്‍ വ്യക്തതയായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മദ്യവില്‍പ്പന ശാലകള്‍ തുറക്കുമോയെന്ന കാര്യത്തില്‍ വ്യക്തത വന്നില്ല. മദ്യവില്‍പ്പനയ്ക്ക് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിനുള്ള ആപ്പ് ഇനിയും പ്ലേ സ്‌റ്റോറില്‍ എത്തിയിട്ടില്ല. ആപ്പിന്റെ സാങ്കേതിക പരിശോധന നടക്കുകയാണെന്നും ഉടന്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുമെന്നുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ പറയുന്നത്. 

കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ് കമ്പനിയാണ് ആപ്പ് തയാറാക്കുന്നത്. ആപ്പ് വഴി വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തി മദ്യവിതരണം നടത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത് ഒരാഴ്ച മുമ്പാണ്. ആപ്പ് തയാറാവുന്ന മുറയ്ക്ക് മദ്യശാലകള്‍ തുറക്കുമെന്നാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുറക്കാനാവുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. 

ആപ്പിന്റെ സുരക്ഷാ പരിശോധനയും ലോഡ് ടെസ്റ്റിങ്ങുമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് വിവരം. 35 ലക്ഷം ആളുകള്‍ ഒരുമിച്ച് മദ്യം ബുക്ക് ചെയ്താലും പ്രശ്‌നമില്ലാത്ത രീതിയിലാണ് ആപ്പ് തയാറാക്കുന്നത്. തിരക്കുള്ള ദിവസങ്ങളില്‍ 10.5 ലക്ഷം ആളുകള്‍ വരെയാണ് ബിവറേജ് ഷോപ്പുകളിലെത്തുന്നത്. അതിന് അനുസരിച്ചുള്ള ലോഡ് ആപ്പിനു കൈകാര്യം ചെയ്യേണ്ടിവരും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ്പ് സ്‌റ്റോറിലും ആപ്പ് ലഭ്യമാക്കും. സാധാരണ ഫീച്ചര്‍ ഫോണുകളില്‍നിന്നു എസ്എംഎസ് വഴി വെര്‍ച്വല്‍ ക്യൂവില്‍ ബുക്ക് ചെയ്യാനുള്ള സംവിധാനവും ഒരുക്കുന്നുണ്ട്. 

ആപ്പ് വഴി മദ്യത്തിന്റെ ബ്രാന്‍ഡ് തിരഞ്ഞെടുക്കാനാകില്ല. ബുക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ടോക്കണ്‍ നമ്പര്‍ അതില്‍ പറയുന്ന സമയത്ത്, പറയുന്ന കേന്ദ്രത്തില്‍ ഹാജരാക്കണം. ബ്രാന്‍ഡ് തെരഞ്ഞെടുത്ത് പണം നല്‍കേണ്ടത് അവിടെയാണ്. 

ബിവറേജസ് കോര്‍പ്പറേഷന്റേത് എന്ന പേരില്‍ പല ആപ്പുകള്‍ പ്രചരിക്കുന്നുണ്ട്. ഈ തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി. ബവ്‌കോയുടെ ആപ്പില്‍ പണം അടയ്ക്കാന്‍ ആവശ്യപ്പെടില്ല. പണം അടയ്ക്കാന്‍ ആവശ്യപ്പെടുന്ന ആപ്പുകള്‍ വ്യാജമാണെന്നും ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com