മക്കളെ തിരികെ നല്‍കി; വീട്ടമ്മ ഭര്‍തൃസുഹൃത്തിനൊപ്പം പോയി; കാറും സ്വര്‍ണാഭരണങ്ങളും വിട്ടുനല്‍കിയില്ല

ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാര്‍ സ്വദേശി മൂവാറ്റുപുഴയില്‍ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്
മക്കളെ തിരികെ നല്‍കി; വീട്ടമ്മ ഭര്‍തൃസുഹൃത്തിനൊപ്പം പോയി; കാറും സ്വര്‍ണാഭരണങ്ങളും വിട്ടുനല്‍കിയില്ല

കൊച്ചി:  പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായതോടെ ലോക്ക്ഡൗണ്‍ കാലത്ത് അഭയം നല്‍കിയ സുഹൃത്തിന്റെ ഭാര്യയും മക്കളുമായി കടന്ന മൂന്നാര്‍ സ്വദേശി സ്‌റ്റേഷനിലെത്തി. സുഹൃത്തിന്റെ ഭാര്യയെയും മക്കളെയും സ്‌റ്റേഷനില്‍ ഹാജരാക്കിയെങ്കിലും മക്കളെ ഭര്‍ത്താവിനെ തിരികെ ഏല്‍പ്പിച്ച ഭാര്യ മൂന്നാര്‍ സ്വദേശിക്കൊപ്പം പോയി.

ബുധനാഴ്ച വൈകിട്ടോടെയാണ് ഇവര്‍ പൊലീസ് സ്‌റ്റേഷനില്‍ എത്തിയത്. മക്കളെ തിരികെ ഏല്‍പിച്ചെങ്കിലും ഇവര്‍ കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളും കാറും തിരികെ നല്‍കാതെയാണ് മൂന്നാര്‍ സ്വദേശിയായ കാമുകനൊപ്പം  വീട്ടമ്മ പോയത്. രണ്ടു മാസം മുമ്പ് ലോക്ക്ഡൗണ്‍ ആരംഭിച്ച സമയത്താണ് അഭയം തേടി മൂന്നാര്‍ സ്വദേശി മൂവാറ്റുപുഴയില്‍ താമസിക്കുന്ന ബാല്യകാല സുഹൃത്തിന്റെ വീട്ടില്‍ എത്തിയത്.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവ് മൂന്നാറിലേക്കു പോകുന്നതിനായി മൂവാറ്റുപുഴയിലെത്തിയത്. മൂന്നാറിനു പോകാന്‍ വാഹനം ലഭിക്കാതെ കുടുങ്ങിയ ഇയാള്‍ മൂന്നാറിലുള്ള ബന്ധുക്കളെ വിളിച്ചു കാര്യങ്ങള്‍ പറഞ്ഞപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാറില്‍ നിന്ന് മൂവാറ്റുപുഴയിലേക്കു കുടിയേറിയ ഇയാളുടെ ബാല്യകാല സുഹൃത്തിന്റെ വിവരങ്ങള്‍ ലഭിച്ചു. തുടര്‍ന്ന് ഫോണ്‍ നമ്പര്‍ കണ്ടുപിടിച്ചു വിളിച്ചതോടെ സുഹൃത്ത് കാറുമായെത്തി ഇയാളെ മൂവാറ്റുപുഴയിലെ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയായിരുന്നു.

ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതുവരെയുള്ള ഒന്നര മാസത്തോളം ഇയാള്‍ സുഹൃത്തിന്റെ വീട്ടില്‍ തന്നെ കഴിഞ്ഞു. ഇതിനിടയില്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും മൂന്നാറിലേക്കു പോകാന്‍ സൗകര്യമൊരുക്കിയിട്ടും ഇയാള്‍ പോകാന്‍ തയാറായില്ല. സുഹൃത്തിന്റെ ഭാര്യയുമായി ഇയാള്‍ അടുപ്പം സ്ഥാപിച്ചിരുന്നു. സുഹൃത്തിന് സംശയം തോന്നി തുടങ്ങിയതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം ഇയാള്‍ സുഹൃത്തിന്റെ ഭാര്യയെയും കൊണ്ട് സ്ഥലം വിട്ടത്.

സംഭവത്തെ തുടര്‍ന്ന് സ്‌റ്റേഷനിലെത്തിയ ഗൃഹനാഥന്‍ ഭാര്യയെയും, മക്കളെയും എങ്ങിനെയും കണ്ടെത്തി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മക്കളെയെങ്കിലും വിട്ടുകിട്ടണമെന്ന ഇയാളുടെ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണമാരംഭിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com