സ്വകാര്യ ബസുകള്‍ ഓടും, സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയിലേക്ക് 

ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാനുള്ള സാവകാശമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് മന്ത്രി
സ്വകാര്യ ബസുകള്‍ ഓടും, സംസ്ഥാനത്ത് പൊതുഗതാഗതം സാധാരണ നിലയിലേക്ക് 


തിരുവനന്തപുരം: നാലാംഘട്ട ലോക്ക് ഡൗണില്‍ സംസ്ഥാനത്തു സ്വകാര്യ ബസുകളും സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍. സര്‍വീസ് പുനരാരംഭിക്കാന്‍ ഉടമകളുമായി നടത്തിയ ചര്‍ച്ച ധാരണയായതായി മന്ത്രി അറിയിച്ചു. ബസുകള്‍ കേടുപാടുകള്‍ തീര്‍ത്ത് നിരത്തിലിറക്കാനുള്ള സാവകാശമാണ് ഇക്കാര്യത്തില്‍ ഉള്ളതെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ രാവിലെ തുടങ്ങി. ജില്ലയ്ക്കുള്ളിലാണ് സര്‍വീസ്. രാവിലെ 7 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് സര്‍വീസ് നടത്തുക. 1750 ബസുകളാണ് നിരത്തിലിറങ്ങുകയെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു. 

 12 രൂപയാണ് മിനിമം ചാര്‍ജ്. എല്ലാ സര്‍വീസുകളും ഓര്‍ഡിനറി സര്‍വീസുകളാണ്. ജില്ലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും നിര്‍ത്തും. സീറ്റുകള്‍ ഒഴിവില്ലെങ്കില്‍ ആളുകളെ കയറ്റില്ല. 23 മുതല്‍ 27വരെ യാത്രക്കാരെ മാത്രമേ ഒരു ബസില്‍ കയറ്റു. യാത്രക്കാര്‍ നിര്‍ബന്ധമായും മുഖാവരണം ധരിക്കേണ്ടതാണ്. സാനിടൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കിയ ശേഷം മാത്രമേ ബസിനകത്ത് പ്രവേശിക്കാന്‍ പാടുള്ളു. ബസിന്റെ പുറകുവശത്ത് കൂടി മാത്രമേ യാത്രക്കാരെ പ്രവേശിപ്പിക്കുള്ളു. മുന്‍വാതിലിലൂടെ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കുള്ളു. 3 പേരുടെ സീറ്റില്‍ 2 പേരും 2 പേരുടെ സീറ്റില്‍ ഒരാളെയുമാണു യാത്ര ചെയ്യാന്‍ അനുവദിക്കുക.

കഴിഞ്ഞ ദിവസം ആരംഭിച്ച സ്‌പെഷല്‍ സര്‍വീസുകളും ഇന്നുമുതല്‍ സാധാരണ സര്‍വീസിന്റെ ഭാഗമായി. ബസുകളുടെ സമയക്രമം ആദ്യ ദിവസത്തെ തിരക്കുനോക്കി നിശ്ചയിക്കും. രാവിലെ 7 മുതല്‍ 10 വരെയും വൈകിട്ട് 4 മുതല്‍ 7 വരെയും തിരക്കുളള സമയത്തു കൂടുതല്‍ സര്‍വീസുകള്‍ നടത്തും. പ്രതിദിനം 5.5 ലക്ഷം കിലോമീറ്റര്‍ സര്‍വീസ് നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com