എസ്എസ്എൽസി, ഹ​യർ സെക്കൻഡറി പരീക്ഷ; ഒരു മുറിയിൽ 20 വിദ്യാർത്ഥികൾ; കുട്ടികൾ കൂട്ടം ചേരരുത്; മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

എസ്എസ്എൽസി, ഹ​യർ സെക്കൻഡറി പരീക്ഷ; ഒരു മുറിയിൽ 20 വിദ്യാർത്ഥികൾ; കുട്ടികൾ കൂട്ടം ചേരരുത്; മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ
എസ്എസ്എൽസി, ഹ​യർ സെക്കൻഡറി പരീക്ഷ; ഒരു മുറിയിൽ 20 വിദ്യാർത്ഥികൾ; കുട്ടികൾ കൂട്ടം ചേരരുത്; മാർ​ഗ നിർദ്ദേശങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: അവശേഷിക്കുന്ന എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാ തീയതികൾ തീരുമാനിച്ചതിന് പിന്നാലെ മാർ​ഗ നിർദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്. പരീക്ഷയ്ക്ക് ഒരു മുറിയിൽ ഇരിക്കാവുന്ന പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 20 ആയിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി.

പരീക്ഷ ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും പരീക്ഷ ഹാളിലെ ഫർണിച്ചർ അണു വിമുക്തമാക്കും. വിദ്യാലയത്തിന്റെ പ്രധാന പ്രവേശന കവാടത്തിൽ കൂടി മാത്രമേ പ്രവേശനം അനുവദിക്കൂ. എസ്എസ്എൽസിക്ക് 4.5 ലക്ഷവും ഹയർ സെക്കൻഡറിയിൽ ഒൻപത് ലക്ഷവും ഉൾപ്പെടെ 13.5 ലക്ഷം വിദ്യാർത്ഥികളാണ് മെയ് 26 മുതൽ 30 വരെ പരീക്ഷ എഴുതുന്നത്.

സ്കൂളുകൾ കഴിഞ്ഞ രണ്ട് മാസമായി അടച്ചിട്ടിരുന്നതിനാൽ 25ന് മുൻപ് പരീക്ഷ ഹാളുകൾ, ഫർണിച്ചറുകൾ, സ്കൂൾ പരിസരം എന്നിവ ശുചിയാക്കണമെന്ന് പരീക്ഷ നടത്തിപ്പിനായി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ആരോഗ്യ വകുപ്പ്, പിടിഎ, സന്നദ്ധ സംഘടനകൾ, ഫയർ ഫോഴ്സ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹായം ഇതിനായി പ്രയോജനപ്പെടുത്തണം.

സാമൂഹിക അകലം പാലിക്കുന്നതിനായി പരമാവധി ഹയർ സെക്കൻഡറി ക്ലാസ് മുറികൾ പരീക്ഷയ്ക്കായി ഉപയോഗിക്കണം. പരീക്ഷയ്ക്ക് മുൻപും ശേഷവും വിദ്യാർത്ഥികളെ കൂട്ടം ചേരാൻ അനുവദിക്കരുത്. വിദ്യാർത്ഥികൾക്ക് മാസ്ക് ലഭ്യമാക്കി ശരിയായി ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തണം. സാനിറ്റൈസറിന്റെയും സോപ്പിന്റെയും തുക പരീക്ഷാ ഫണ്ട്– സ്പെഷൽ ഫീ അക്കൗണ്ടിൽ നിന്ന് ഉപയോഗിക്കാം.

ഗതാഗത സൗകര്യം ക്ലാസ് അധ്യാപകരുടെ സഹായത്തോടെ പ്രധാന അധ്യാപകൻ ഉറപ്പാക്കണം. ഇതിനായി സ്വകാര്യ വാഹനം, പൊതുഗതാഗതം, സ്കൂൾ ബസുകൾ, പിടിഎയുടെ സഹകരണത്തോടെയുള്ള വാഹന സൗകര്യം എന്നിവ ഉപയോഗിക്കാം. തദ്ദേശ സ്ഥാപനങ്ങളുടേയും പട്ടിക ജാതി പട്ടിക വർഗ വകുപ്പുകളുടേയും സഹായം തേടാം. സമീപത്തുള്ള വിദ്യാലയങ്ങളിലെ ബസുകളും ഉപയോഗിക്കാം. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കാണ് ഇതിന്റെ ചുമതല. ആവശ്യമെങ്കിൽ ബസുകൾ വാടകയ്ക്ക് എടുക്കാം.

പരീക്ഷ കേന്ദ്ര മാറ്റത്തിന്റെ ഭാഗമായി ഓരോ വിദ്യാലയത്തിൽ നിന്നും എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും മറ്റു ജില്ലകളിൽ നിന്ന് എത്രപേർ അപേക്ഷിച്ചിട്ടുണ്ടെന്നും ചീഫ് സൂപ്രണ്ടുമാരെ അറിയിക്കും. ഇതിനനുസരിച്ച് സൗകര്യം ഏർപ്പെടുത്തണം. പരീക്ഷാ ജോലിക്കു ചുമതലപ്പെടുത്തിയ എല്ലാ അധ്യാപകരും നിർബന്ധമായും ജോലിക്കു ഹാജരാകണം.

ചോദ്യ പേപ്പറുകളുടെ സുരക്ഷ ചീഫ് സൂപ്രണ്ടുമാർ ഉറപ്പാക്കണം. കോവിഡ് സെന്ററുകളായി പ്രവർത്തിക്കുന്ന കേന്ദ്രങ്ങൾ അധികാരികളുടെ അനുമതി വാങ്ങി പരീക്ഷയ്ക്ക് സജ്ജമാക്കണം. വിദ്യാലയങ്ങൾ വിട്ടുകിട്ടിയില്ലെങ്കിൽ പകരം സംവിധാനം ഏർപ്പെടുത്തണം. ഈ വിവരം വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 24ന് മുന്‍പ് അറിയിക്കണമെന്നും സർക്കുലറിൽ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com