കോഴിക്കോട് മാധ്യമ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണം; പഞ്ചായത്ത് അം​ഗമടക്കം 15 പേർക്കെതിരെ കേസ്

കോഴിക്കോട് മാധ്യമ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണം; പഞ്ചായത്ത് അം​ഗമടക്കം 15 പേർക്കെതിരെ കേസ്
കോഴിക്കോട് മാധ്യമ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണം; പഞ്ചായത്ത് അം​ഗമടക്കം 15 പേർക്കെതിരെ കേസ്

കോഴിക്കോട്: മാധ്യമ പ്രവർത്തകന് നേരെ ആൾക്കൂട്ട ആക്രമണം. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന മാധ്യമം ദിനപത്രത്തിന്റെ കോഴിക്കോട് ബ്യൂറോ സീനിയർ റിപ്പോർട്ടർ സിപി ബിനീഷിന് നേരെയാണ് ആക്രണമുണ്ടായത്. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തു.

ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ പൂനുരിലെ വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. മോഷ്ടാവെന്നാരോപിച്ചായിരുന്നു ബിനീഷിനെ ഒരു കൂട്ടം ആളുകൾ റോഡിൽ തടഞ്ഞു നിർത്തുകയും അപമാനിക്കുകയും ചെയ്തത്.

വീട്ടിലേക്ക് പോകും വഴി ഫോൺ വന്നതോടെയായിരുന്നു ഇരുചക്ര വാഹനം വഴിയരികിൽ നിർത്തിയത്. ഫോൺ കട്ട് ചെയ്ത് വാഹനം മുന്നോട്ടെടുക്കവെ ഒരു യുവാവ് വന്ന് തടഞ്ഞു. മോഷ്ടാവല്ല, മാധ്യമ പ്രവർത്തകനാണെന്ന് പറഞ്ഞിട്ടും ഇയാൾ കൂടുതൽ ആളുകളെ വിളിച്ചുകൂട്ടി. തുടർന്ന് പതിനഞ്ചോളം ആളുകൾ എത്തി കൈയേറ്റം ചെയ്യുകയായിരുന്നുവെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സ്ഥലത്തെത്തിയ പഞ്ചായത്തംഗം പ്രശ്‌നം പരിഹരിക്കുന്നതിന് പകരം വഷളാക്കാനാണ് ശ്രമിച്ചത്. അവശ്യ സർവീസായി പ്രഖ്യാപിച്ച മാധ്യമ പ്രവർത്തനം നടത്തുന്ന തനിക്കു നേരെയുണ്ടായ ആൾക്കൂട്ട ആക്രമണവും സദാചാരഗുണ്ടായിസവുമാണെന്നും ബിനീഷ്  പരാതിയിൽ പറയുന്നു.

സംഭവത്തിൽ കൊടുവള്ളി പൊലീസ്​ കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമം 143 (അന്യായമായി സംഘം ചേരൽ), 147,148 ( മാരകായുധമേന്തി കലാപം), 341 (തടഞ്ഞ് വെക്കൽ), 323 (ആയുധമില്ലാതെ പരിക്കേൽപ്പിക്കൽ) 506 (ഭീഷണിപ്പെടുത്തൽ), 269 (ജീവന് ഹാനികരമായ രോഗം പരത്തുന്ന പ്രവൃത്തി) എന്നീ കുറ്റങ്ങൾക്ക് അതുൽ, വേണഗോപാൽ എന്നിവരടക്കമുള്ളവർക്കെതിരെയാണ്​ കേസ്​.

സംഭവത്തെക്കുറിച്ച് ബിനീഷ് പറയുന്നത് ഇങ്ങനെ

ഇന്നലെ രാത്രി ഡ്യുട്ടി കഴിഞ്ഞ്​ മാധ്യമം ബ്യൂറോയിൽ നിന്ന്​ എൻറെ നാടായ പൂനൂരിലേക്ക്​ പോകുമ്പോൾ ആൾക്കൂട്ട ആക്രമണത്തിന്​ ഇരയായി. എൻറെ നാട്ടിൽ നിന്ന് എട്ട് കിലോമീറ്റർ മാത്രം അടുത്തുള്ള നരിക്കുനി കാവുംപൊയിലിൽ വെച്ചാണ്​ ഒരു കൂട്ടർ തടഞ്ഞു​വച്ച്​ കൈയേറ്റം ചെയ്തത്​. രാത്രി പത്ത്​ മണിയോടെ ഒരു ഫോൺ കാൾ വന്നപ്പോൾ അറ്റൻറ്​ ചെയ്യാനായി ബൈക്ക്​ നിർത്തുകയും ഫോൺ കട്ട്​ ചെയ്ത ശേഷം പോകാനൊരുങ്ങുകയുമായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ അതുൽ എന്ന പയ്യൻ കള്ളനോടെന്ന പോലെ പെരുമാറാൻ തുടങ്ങുകയും കൂടുതൽ പേരെ വിളിച്ചുവരുത്തുകയുമായിരുന്നു.

വടിയുമായി സമീപത്തുണ്ടായിരുന്ന ഇവർ എത്തി പ്രകോപനപരമായി സംസാരിച്ചു. കോവിഡ്​, ലോക്​ഡൗൺ നിയമങ്ങളെല്ലാം ലംഘിച്ച്​ മാസ്ക്​ പോലുമില്ലാതെ അപരിചിതർ തൊട്ടടുത്തത്​ വന്ന്​ കോളറിൽ പിടിച്ചതും മറ്റും ഞാൻ തടഞ്ഞു. വിട്ടുനിൽക്കാൻ ആവശ്യപ്പെട്ടിട്ടും കേട്ടില്ല. സർക്കാറിൻറെ മീഡിയ അക്രഡിറ്റേഷനും മാധ്യമത്തിൻറെ തിരിച്ചറിയൽ കാർഡും പുറത്തെടുത്തിട്ടും ആരും ചെവിക്കൊണ്ടില്ല. അതിനിടെ വണ്ടിയെടുത്ത് പോകാൻ ശ്രമിക്കുമ്പാൾ ഒരാൾ താക്കോൽ ഊരിയെടുത്തു.

സ്​ഥലത്തെത്തിയ വേണുഗോപാൽ എന്ന പഞ്ചായത്ത്​ അംഗം പ്രശ്നം പരിഹരിക്കുന്നതിന്​ പകരം വഷളാക്കിയത് ആൾക്കൂട്ടത്തിന്​ ആവേശമായി. പലഭാഗത്ത്​ നിന്ന് ആളുകൾ ഒഴുകിയെത്തി. എൻറെ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തി കള്ളനെന്ന രീതിയിൽ പ്രചരിപ്പിച്ചു.

കൊടുവള്ളി സിഐ പി ചന്ദ്രമോഹനെ ഞാൻ വിളിച്ചു. പൊലീസ്​ പറഞ്ഞിട്ടാണ്​ ഇത്​ ചെയ്യുന്നതെന്നായി പഞ്ചായത്ത്​ അംഗം. ഏഴ്​ മണിക്ക്​ ശേഷം പുറത്തിറങ്ങരുതെന്ന്​ അറിയില്ലേയെന്നായിരുന്നു കേരള പത്രപ്രവർത്തക യൂണിയൻ ജില്ല പ്രസിഡണ്ട്​ എം ഫിറോസ്​ ഖാൻ ഫോണിൽ ​വിളിച്ചപ്പോൾ ഈ മെമ്പർ ചോദിച്ചത്​. കോവിഡ്​ പ്രതിരോധത്തിൽ പ്രവർത്തനത്തിലേർപ്പെടുന്ന പഞ്ചായത്ത്​ അംഗത്തിന്​ നൂറിലധികം പേർ മാസ്ക്​ പോലും ധരിക്കാതെ റോഡിൽ അഴിഞ്ഞാടുന്നത്​ നിയമ ലംഘനമായി തോന്നിയില്ല. ​

ഒടുവിൽ പൊലീസെത്തി എൻറെ പേരും വിലാസവും എഴുതിയെടുത്തു. കള്ളന്മാരുടെ ശല്യമുള്ളതിനാലാണ്​ നാട്ടുകാർ ഇടപെടുന്നതെന്നാണ്​ അപ്പോഴെത്തിയ പൊലീസ് പറഞ്ഞത്. പരാതി നൽകിയാൽ ഇതുവഴി പോകാൻ അനുവദിക്കില്ലെന്ന്​ഈ ഗുണ്ടസംഘം പറഞ്ഞതായി ഇന്ന്​ വൈകീട്ട്​ അറിഞ്ഞു. എല്ലാം കഴിഞ്ഞ്​ തിരിച്ചു പോകുമ്പോൾ പഞ്ചായത്ത്​ അംഗത്തിൻറെ വീടായ തൊട്ടപ്പുറത്തെ അങ്ങാടിയിൽ വെച്ച്​ എന്നെ തല്ലിയൊതുക്കാൻ ചിലർ കാത്തു നിന്നിരുന്നതായും പൊലീസ് ​അറിഞ്ഞ കേസായതിനാൽ ഒടുവിൽ പിന്തിരിയുകയായിരുന്നെന്നും ഇന്ന്​ വൈകീട്ട്​ ചിലർ അറിയിച്ചു.

വിഷയത്തിൽ ഇടപെട്ട പത്രപ്രവർത്തക യൂണിയൻറെ  ജില്ല, സംസ്ഥാന നേതാക്കൾക്കും എൻറെ മാനേജ്​മെൻറിനും സഹപ്രവർത്തകർക്കും പ്രിയ സുഹൃത്തുക്കൾക്കും നന്ദി. ഇന്നലെ രാത്രി മുതൽ വിളിച്ച വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും സാമൂഹികപ്രവർത്തകർക്കും ഉന്നത പോലീസ്​ ഉദ്യോഗസ്ഥർക്കും നന്ദി. വിഷയം ഒത്തുതീർപ്പാക്കാൻ നരിക്കുനിയിലെ നേതാക്കളടക്കം വിളിച്ചു കൊണ്ടിരിക്കുകയാണ്​.- ബിനീഷ് വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com