കോവിഡ് വിവര വിശകലനത്തില്‍നിന്നു സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍
കോവിഡ് വിവര വിശകലനത്തില്‍നിന്നു സ്പ്രിന്‍ക്ലറിനെ ഒഴിവാക്കി

കൊച്ചി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായ വിവര വിശകലത്തില്‍നിന്ന് അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിന്‍ക്ലറിനെ ഒഴിവാക്കിയതായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിവര ശേഖരണവും വിശകലനവും ഇനി സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റ് ആയിരിക്കും നടത്തുകയെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ അറിയിച്ചു. സ്പ്രിന്‍ക്ലറുമായി സംസ്ഥാന സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് വിഡി സതീശനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും മറ്റുള്ളവരും നല്‍കിയ ഹര്‍ജിയിലാണ് സത്യവാങ്മൂലം.

സ്പ്രിന്‍ക്ലറുമായി നിലവില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കരാര്‍ മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. നേരത്തെ ശേഖരിച്ച വിവരങ്ങള്‍ നശിപ്പിക്കണമെന്ന് സ്പ്രിന്‍ക്ലറിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആമസോണ്‍ ക്ലൗഡിലേക്കു മാറ്റിയ ഡാറ്റ ഉപയോഗിക്കുന്നനു സ്പ്രിന്‍ക്ലറിന് അനുമതി ഇല്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്പ്രിന്‍ക്ലര്‍ നല്‍കുന്നതിനു സമാനമായ സേവനങ്ങള്‍ നല്‍കാന്‍ സന്നദ്ധമാണെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. എന്നാല്‍ സോഫ്റ്റ് വെയര്‍ ആവശ്യപ്പെട്ട് മൂന്നു തവണ കത്ത് അയച്ചിട്ടും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് മറുപടിയൊന്നും ഉണ്ടായില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.

വിവര വിശകലനത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്പ്രിന്‍ക്ലറുമായി കരാറുണ്ടാക്കിയത് രാഷ്ട്രീയ വിവാദത്തിന് ഇടവച്ചിരുന്നു. സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന ഡാറ്റയുടെ സുരക്ഷയായിരുന്നു, വിവാദത്തിന്റെ കേന്ദ്ര ബിന്ദു. സൗജന്യ സേവനം വാഗ്ദാനം ചെയ്ത സ്പ്രിന്‍ക്ലറിലേക്ക് സര്‍്ക്കാര്‍ എങ്ങനെ എത്തിയെന്നതായിരുന്നു രണ്ടാമത്തെ വിമര്‍ശനം. ഇതില്‍ ക്രമക്കേടും അഴിമതിയും നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.

നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, സ്പ്രിന്‍ക്ലറിനെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയ കോടതി കരാര്‍ സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com