ജനാലയും വാതിലും അടച്ചിട്ടിരുന്ന എ സി മുറിയില്‍ എങ്ങനെ വിഷപ്പാമ്പ് കയറി ? ; സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധം, ഉത്രയുടെ മരണത്തില്‍ ദുരൂഹത, പരാതി

ഉത്രയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി
ജനാലയും വാതിലും അടച്ചിട്ടിരുന്ന എ സി മുറിയില്‍ എങ്ങനെ വിഷപ്പാമ്പ് കയറി ? ; സൂരജിന് പാമ്പുപിടുത്തക്കാരുമായി ബന്ധം, ഉത്രയുടെ മരണത്തില്‍ ദുരൂഹത, പരാതി


കൊല്ലം : കൊല്ലം ജില്ലയിലെ അഞ്ചലില്‍ ഭര്‍ത്താവിനൊപ്പം കിടന്ന യുവതി പാമ്പ് കടിയേറ്റു മരിച്ചതില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി മാതാപിതാക്കള്‍. യുവതിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. യുവതിയുടെ ഭര്‍ത്താവിന് പാമ്പ് പിടിത്തക്കാരുമായി ബന്ധമുണ്ടെന്നാണ് മരിച്ച ഉത്രയുടെ അച്ഛന്‍ ആരോപിക്കുന്നത്.

അഞ്ചല്‍ ഏറം സ്വദേശിയായ ഉത്ര (25) ഈ മാസം ഏഴിനാണു മരിച്ചത്. കിടപ്പ് മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഉത്രയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ കൊല്ലം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

ശീതീകരിച്ച മുറിയുടെ ജനാലയും കതകും അടച്ചിരുന്നിട്ടും പാമ്പ് എങ്ങനെ അകത്തു കയറി എന്നാണ് ഉത്രയുടെ വീട്ടുകാരുടെ സംശയം. യുവതിക്ക് പാമ്പു കടിയേറ്റതിനെ തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ മുറിയില്‍ നിന്നു മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയിരുന്നു. വിഷപ്പാമ്പിനെ തല്ലിക്കൊല്ലുകയും ചെയ്തു.

പാമ്പുകടിയേറ്റ ദിവസം ഭര്‍ത്താവ് സൂരജും മുറിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാമ്പ് കടിച്ചതും ഉത്ര മരിച്ചതും അറിഞ്ഞില്ലെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. രാവിലെ അമ്മ ചായയുമായി ചെന്നു വിളിച്ചപ്പോഴാണ് മകള്‍ ചലനമില്ലാതെ കിടക്കുന്നത് കണ്ടത്. ഉടന്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട് ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന്  ഉത്രക്ക് അണലിയുടെ കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സയിലായതിനാലാണ് ഉത്ര സ്വന്തം വീട്ടില്‍ വന്നത്. രണ്ടാംതവണ പാമ്പുകടിയേല്‍ക്കുമ്പോള്‍ എസി മുറിയിലായിരുന്നു കിടന്നത്.

സാധാരണ സൂരജ് എത്തിയാല്‍ വീടിന്റെ മുകള്‍നിലയിലാണ് ഉറങ്ങാറുള്ളത്. സംഭവദിവസം ഇരുവരും ഒരേമുറിയിലാണ് കിടന്നത്. ഒരേ മുറിയില്‍ കഴിഞ്ഞിട്ടും പാമ്പുകടിച്ചാണ് മരിച്ചതെങ്കില്‍ ഭര്‍ത്താവ് എന്തുകൊണ്ട് അറിഞ്ഞില്ല എന്നതും സംശയകരമാണ്. ആദ്യം പാമ്പുകടിയേറ്റ ദിവസം കാലില്‍ വേദന തോന്നുന്നതായി ഉത്ര പറഞ്ഞപ്പോള്‍ സൂരജ് പെയിന്‍ കില്ലര്‍ കൊടുത്ത് കിടന്നുറങ്ങാന്‍ പറയുകയായിരുന്നു. പിന്നീട് ബോധം നശിച്ചപ്പോള്‍ മാത്രമാണ്  ആശുപത്രിയില്‍ കൊണ്ടുപോയത്.  

ആശുപത്രിയില്‍ പരിചരിക്കുന്നതില്‍നിന്ന് അച്ഛനമ്മമാരെ  സൂരജ് വിലക്കിയിരുന്നതായും ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞു. രണ്ടുവര്‍ഷം മുമ്പാണ് സൂരജ് ഉത്രയെ വിവാഹം കഴിച്ചത്. ഒരു വയസ്സുള്ള മകനുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതായും, അന്വേഷണം തുടരുകയാണെന്നും അഞ്ചല്‍ പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com