പകല്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിനു പാസ് വേണ്ട, മാസ്‌ക് വേണം

പകല്‍ ജില്ല വിട്ടു യാത്ര ചെയ്യുന്നതിനു പാസ് വേണ്ട, മാസ്‌ക് വേണം
ഫോട്ടോ: ഷാജി വെട്ടിപ്പുറം
ഫോട്ടോ: ഷാജി വെട്ടിപ്പുറം

തൃശൂര്‍: കണ്ടെയ്ന്‍മെന്റ് മേഖലകള്‍ ഒഴികെ മറ്റ് സ്ഥലങ്ങളില്‍ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് പാസ് വേണ്ട. യാത്ര ചെയ്യുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതിയാല്‍ മതിയാകും. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍ നിര്‍ബന്ധമായും പൊലീസ് പാസ് വാങ്ങേണ്ടതാണെന്ന് അധികൃതര്‍ അറിയിച്ചു. 

അവശ്യസര്‍വ്വീസായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള മേഖലകളുമായി ബന്ധപ്പെട്ട് രാത്രി ഏഴിനുശേഷം യാത്രചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് മാത്രം മതിയാകും. ഇതു കൂടാതെ ഹോട്ടലില്‍ നിന്നും മറ്റും രാത്രി പത്തുമണി വരെ ഭക്ഷണം പാഴ്‌സലായി വാങ്ങാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.

പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കുന്നത് ഉറപ്പാക്കാനായി എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും പൊലീസിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന് രൂപം നല്‍കും. ഗ്രാമീണമേഖലയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതോടൊപ്പം പൊലീസിന്റെ 'ബാസ്‌ക് ഇന്‍ ദ മാസ്‌ക്' എന്ന ക്യാംപെയിനിന്റെ ഭാഗമായി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യും.

ലോക്ഡൗണ്‍ നീട്ടിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കണ്ടെയ്ന്‍മെന്റെ് മേഖലയില്‍ പൊലീസ് നിരീക്ഷണവും നിയന്ത്രണവും ശക്തിപ്പെടുത്തി. ചെക്‌പോസ്റ്റ്, വിമാനത്താവളം, റെയില്‍വേ സ്‌റ്റേഷന്‍, തുറമുഖം എന്നിവിടങ്ങളിലും പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്. ഇതോടെ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയുന്നവരെ നിരീക്ഷിക്കാനുള്ള പൊലീസ് സംവിധാനവും ശക്തിപ്പെടുത്തിയിട്ടുണ്ട്. 

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായി പൊലീസ് സ്‌റ്റേഷനുകളില്‍ ഡ്യൂട്ടിയിലുള്ളവരുടെ എണ്ണം പകുതിയാക്കി കുറച്ചുകൊണ്ടുള്ള സംവിധാനം പരീക്ഷണാടിസ്ഥാനത്തില്‍ നിലവില്‍ വന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com