പാഠം ഒന്ന്: മനുഷ്യത്വം;  നിംഷാനയുടെ അയ്യായിരം രൂപയുടെ ചെക്കിന് 5000 കോടിയുടെ മൂല്യമെന്ന് ഇന്നസെന്റ് 

പാഠം ഒന്ന്: മനുഷ്യത്വം;  നിംഷാനയുടെ അയ്യായിരം രൂപയുടെ ചെക്കിന് 5000 കോടിയുടെ മൂല്യമെന്ന് ഇന്നസെന്റ് 
പാഠം ഒന്ന്: മനുഷ്യത്വം;  നിംഷാനയുടെ അയ്യായിരം രൂപയുടെ ചെക്കിന് 5000 കോടിയുടെ മൂല്യമെന്ന് ഇന്നസെന്റ് 

തൃശൂര്‍: രക്താര്‍ബുദത്തെ അതിജീവിച്ച, ഒന്നാം ക്ലാസ്സില്‍ ചേരാന്‍ തയ്യാറെടുക്കുന്ന കയ്പമംഗലത്തെ നിംഷാന അര്‍ബുദത്തെ പൊരുതി തോല്‍പിച്ച ഇന്നസെന്റിന് 5000 രൂപയുടെ ചെക്ക് എല്‍പിക്കുമ്പോള്‍ പുതിയൊരു മാതൃകയാണ് പിറവിയെടുത്തത്. ഇന്നസെന്റിന്റെ ഭാഷയില്‍ 'അയ്യായിരം കോടി രൂപയുടെ മൂല്യമുളള' ആ ചെക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുളളതാണ്. 

രണ്ട് വര്‍ഷം മുന്‍പ് ഇന്നസെന്റ് നല്‍കിയ 3.20 ലക്ഷം രൂപ കൂടി ഉപയോഗിച്ച് ചികിത്സ പൂര്‍ത്തിയാക്കി ജീവിതത്തിലേക്ക് തിരിച്ചെത്തിയ നിംഷാന പെരുന്നാള്‍ ആഘോഷിക്കാന്‍, പുത്തന്‍ ഉടുപ്പും കളിപ്പാട്ടങ്ങളും വാങ്ങാന്‍ പലരായി നല്‍കിയ തുക കൂട്ടിവച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത്.

കയ്പമംഗലം ചളിങ്ങാട് പുതിയവീട്ടില്‍ ഷെഫീക്കിന്റെ മകളായ നിംഷാനയുടെ അര്‍ബുദ ചികിത്സ മുടങ്ങുമെന്ന ആശങ്കയോടെ അന്നത്തെ എംപി ഇന്നസെന്റിനെ വീട്ടുകാരും തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി എം അഹമ്മദും സമീപിച്ചു. തിരുവനന്തപുരം ആര്‍സിസിയിലെ ചികിത്സ മുടങ്ങാതിരിക്കാന്‍ നാട്ടുകാര്‍ ചേര്‍ന്ന് പണം സ്വരൂപിക്കുകയാണെന്നും എംപി എന്ന നിലയില്‍ സഹായം നല്‍കണമെന്നുമായിരുന്നു അഭ്യര്‍ത്ഥന. 

നിര്‍ധന കുടുംബാംഗമായ നിംഷാനയ്ക്ക് മൂന്നര വയസ്സുളളപ്പോഴാണ് രക്താര്‍ബുദം സ്ഥിരീകരിക്കപ്പെട്ടത്. നാട്ടുകാരുടേയും ബന്ധുക്കളുടെയും സഹായത്തോടെയായിരുന്നു ചികിത്സ. ഞാന്‍ കോടീശ്വരന്‍ എന്ന പരിപാടിയില്‍ മത്സരാര്‍ത്ഥിയായി ഇന്നസെന്റ് പങ്കെടുക്കുന്ന സമയമായിരുന്നു അത്. മത്സരത്തില്‍ ലഭിച്ച സമ്മാനത്തുകയായ 3.20 ലക്ഷം രൂപ പൂര്‍ണ്ണമായും നിംഷാനയ്ക്ക് ഇന്നസെന്റ് കൈമാറി. ആ തുക കൂടി ഉപയോഗിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ 6 മാസം കൂടുമ്പോള്‍ പരിശോധനയുണ്ട് നിംഷാനയ്ക്ക്. പക്ഷെ ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് കയ്പമംഗലം ആര്‍സിയുപി സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പ്രവേശനം നേടി പഠിക്കാനൊരുങ്ങുകയാണ് ഈ കൊച്ചുമിടുക്കി. 

കയ്പമംഗലത്തെ നിംഷാനയുടെ വീട്ടില്‍ നടന്ന ചടങ്ങില്‍ ഇന്നസെന്റ് ചെക്ക് ഏറ്റുവാങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com