സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മയ്ക്ക് രണ്ടാണ്ട്; ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. പരിചരിച്ച സാബിത് മരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു
സിസ്റ്റര്‍ ലിനിയുടെ ഓര്‍മ്മയ്ക്ക് രണ്ടാണ്ട്; ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകുമെന്ന് മുഖ്യമന്ത്രി

നിപാ വൈറസിന് എതിരായ പോരാട്ടത്തില്‍ സിസ്റ്റര്‍ ലിനി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം. പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. പരിചരിച്ച സാബിത് മരിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ ലിനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. 

ഭര്‍ത്താവിനെയും രണ്ട് മക്കളെയും അവസനാമായി ഒന്ന് കാണാന്‍ സാധിക്കാതെയാണ് ലിനി മരണത്തിന് കീഴടങ്ങിയത്. ഭര്‍ത്താവ് സജീഷിന് എഴുതിയ കത്ത് മലയാളികളുടെ നെഞ്ചില്‍ വിങ്ങുന്ന വേദനയാണ്. നിപയെ തോല്‍പ്പിച്ച കേരളം, കോവിഡിനോട് പോരാടുമ്പോള്‍ ലിനിയുടെ ഓര്‍മദിവസം മറക്കുന്നതെങ്ങനെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറിച്ചിരിക്കുന്നു. 

'ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും? ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു.പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി.

കോവിഡ്  19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിന്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും.'- അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com