ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം ; റെഡ് സോണുകളില്‍ നിന്നു വരുന്നവര്‍ക്ക് കര്‍ശന പരിശോധന : മന്ത്രി ശൈലജ

ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും
ആഭ്യന്തര വിമാനങ്ങളിലെത്തുന്നവര്‍ക്കും 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധം ; റെഡ് സോണുകളില്‍ നിന്നു വരുന്നവര്‍ക്ക് കര്‍ശന പരിശോധന : മന്ത്രി ശൈലജ

തിരുവനന്തപുരം : ആഭ്യന്തര വിമാനങ്ങളില്‍ വരുന്നവര്‍ക്കും സംസ്ഥാനത്ത് 14 ദിവസം ഹോം ക്വാറന്റീന്‍ നിര്‍ബന്ധമാണെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്നവരെ 14 ദിവസം ഹോം ക്വാറന്റീനില്‍ പാര്‍പ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെടുത്തത്. വിമാനത്തില്‍ വന്നാലും ട്രെയിനിലോ കാറിലോ വന്നാലും അതില്‍ മാറ്റമില്ല.

ആഭ്യന്തര വിമാനങ്ങളിലെത്തുന്ന യാത്രക്കാരെ ക്വാറന്റീനിലാക്കേണ്ടതില്ലെന്ന വ്യോമയാനമന്ത്രാലയത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ട്രെയിന്‍, വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ രോഗികളുടെ എണ്ണം ഇനിയും കൂടും. റെഡ് സോണില്‍ നിന്നും എത്തുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയരാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യപരമായി അവശരായവര്‍ ഏറെ വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

മറ്റു സ്ഥലങ്ങളില്‍ നിന്നും ഇനിയും ആളുകള്‍ വരാനുണ്ട്. രോഗബാധ ഏറ്റവും കൂടുതല്‍ ഉള്ളപ്രദേശങ്ങളില്‍ നിന്നാണ് ആളുകള്‍ വരുന്നത്. അതുകൊണ്ടുതന്നെ രോഗബാധിതരായിട്ടുള്ളവരിലെ വൈറസ് അവരില്‍ തന്നെ ഒതുക്കാനാണ് ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു.

രോഗികളുടെ എണ്ണം കൂടിയാല്‍ നമുക്ക് പിടിച്ചുനിര്‍ത്താന്‍ കഴിയാതെ വരും. ഇപ്പോള്‍ നല്‍കുന്ന പരിചരണം നല്‍കാനാകാതെ വരും. അതുകൊണ്ടാണ് വളരെ കര്‍ശന ക്വാറന്റീന്‍ നിര്‍ദേശിക്കുന്നത്. ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക മാത്രമേ കേരളത്തിന് രക്ഷപ്പെടാനുള്ള വഴിയുള്ളൂ.

കഴിയുന്നതും ഹോം ക്വാറന്റീന്‍ തന്നെയാണ് ഫലപ്രദം. എന്നാല്‍ നിര്‍ദേശം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. ഹോം ക്വാറന്റീന്‍ ആകുമ്പോള്‍ ആളുകളുടെ മനസ്സിന് ആശ്വാസം കിട്ടും. രോഗലക്ഷണം കാണിക്കുന്നവരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. കൂടാതെ പൂള്‍ ടെസ്റ്റും നടത്തിവരുന്നുണ്ട് എന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com