ഈങ്ങാപ്പുഴയിലെ ഡോക്ടര്‍ക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ ഡ്രൈവര്‍ അടക്കം എട്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് 

ഡോക്ടറെ കര്‍ണാടകയില്‍ എത്തിച്ച ഡ്രൈവര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്
ഈങ്ങാപ്പുഴയിലെ ഡോക്ടര്‍ക്ക് കോവിഡ്; സമ്പര്‍ക്കം പുലര്‍ത്തിയ ഡ്രൈവര്‍ അടക്കം എട്ടുപേരുടെ പരിശോധനാ ഫലം നെഗറ്റീവ് 

കോഴിക്കോട്: ഈങ്ങാപ്പുഴയില്‍ സ്വകാര്യ ക്ലിനിക്കില്‍ ജോലിചെയ്യുന്ന ഡോക്ടര്‍ക്ക് കര്‍ണാടകയില്‍ വെച്ച് കോവിഡ് സ്ഥിരീകരിച്ച സംഭവത്തില്‍ ഡോക്ടറോട് സമ്പര്‍ക്കം പുലര്‍ത്തിയ എട്ടു പേരുടെയും പരിശോധനാഫലം നെഗറ്റീവ്. ഡോക്ടറെ കര്‍ണാടകയില്‍ എത്തിച്ച ഡ്രൈവര്‍, ആശുപത്രി ജീവനക്കാര്‍ എന്നിവരടക്കമുള്ളവരുടെ പരിശോധന ഫലമാണ് നെഗറ്റീവ് ആയത്. കൂടുതല്‍ പേര്‍ സമ്പര്‍ക്കത്തില്‍ വന്നോയെന്ന കാര്യം അന്വേഷിച്ച് വരികയാണ്. 

ദാവന്‍ഗെരെ സ്വദേശിനിയായ യുവതിക്ക് അവിടെ നടന്ന രണ്ടാംഘട്ട പരിശോധനയിലാണ് രോഗബാധ സ്ഥിരീകരിച്ചത്. മേയ് ഒന്‍പതിന് കര്‍ണാടകയില്‍ നടന്ന പരിശോധനയില്‍ ഫലം നെഗറ്റീവ് ആയിരുന്നു. കഴിഞ്ഞ 17ന് ശേഖരിച്ച സ്രവസാമ്പിളുകളുടെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

മേയ് അഞ്ചിനാണ് ഈങ്ങാപ്പുഴ കക്കാട് സ്വദേശിയായ ഡ്രൈവര്‍ക്കൊപ്പം ഗൈനക്കോളജിസ്റ്റും സുഹൃത്തും കാറില്‍ കര്‍ണാടകയിലേക്ക് പോയത്. തിരിച്ചുവന്ന ഡ്രൈവര്‍ അന്നുമുതല്‍ ക്വാറന്റീനിലായിരുന്നു. ഏപ്രില്‍ 21 വരെയായിരുന്നു ആശുപത്രിയില്‍ ഗൈനക്ക് ഒ പി സേവനം ലഭ്യമായിരുന്നത്. അതിനുശേഷം രോഗികളെ പരിശോധിക്കാതിരുന്ന ഇവര്‍ ഹോസ്പിറ്റല്‍ കോമ്പൗണ്ടിലെ ഫഌറ്റില്‍ താമസിക്കുകയായിരുന്നു. പിന്നീട് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വന്നശേഷമാണ് സുഹൃത്തിനൊപ്പം നാട്ടിലേക്ക് മടങ്ങിയത്.

നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് ഒ പി പ്രവര്‍ത്തനക്ഷമമായിരുന്ന സമയത്ത് ഡോക്ടറോ ആശുപത്രിയിലെ മറ്റ് ജീവനക്കാരോ കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളൊന്നും പ്രകടമാക്കിയിരുന്നില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കര്‍ണാടകയില്‍ ദാവന്‍ഗെരെ ഉള്‍പ്പെടെ നിരവധി ജില്ലകള്‍ കോവിഡ് മുമ്പ് സ്ഥിരീകരിച്ച ഹോട്‌സ്‌പോട്ടാണെന്നിരിക്കെ അവിടെനിന്നുതന്നെയാവാം ഡോക്ടര്‍ക്ക് രോഗം ബാധിച്ചതെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com