കൊച്ചിയില്‍ നിന്ന് ആദ്യ ആഭ്യന്തരവിമാന സര്‍വീസ് മെയ് 25 മുതല്‍; ആദ്യ ആഴ്ചയില്‍ 113 സര്‍വീസുകള്‍; യാത്രക്കാര്‍ക്ക് മാര്‍ഗരേഖ

സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകളാണ് ഇവിടെ നടക്കുക
കൊച്ചിയില്‍ നിന്ന് ആദ്യ ആഭ്യന്തരവിമാന സര്‍വീസ് മെയ് 25 മുതല്‍; ആദ്യ ആഴ്ചയില്‍ 113 സര്‍വീസുകള്‍; യാത്രക്കാര്‍ക്ക് മാര്‍ഗരേഖ


കൊച്ചി:  രാജ്യത്ത് ആഭ്യന്തര വിമാന യാത്രകള്‍ക്ക് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അനുമതി നല്‍കിയതോടെ സര്‍വീസുകള്‍ക്കൊരുങ്ങി കൊച്ചി രാജ്യാന്തര വിമാനത്താവളം. വിമാനക്കമ്പനികള്‍ ഓണ്‍ലൈന്‍ ബുക്കിങ് തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. നിലവില്‍ 30% സര്‍വീസുകള്‍ നടത്തുന്നതിനാണ് വിമാനക്കമ്പനികള്‍ക്ക് വ്യോമയാന മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതോടെ കൊച്ചിയില്‍ നിന്ന് ആഴ്ചയില്‍ 113 സര്‍വീസുകളായിരിക്കും ഉണ്ടാകുക. സമ്പൂര്‍ണമായി യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചുള്ള ചെക്ക്ഇന്‍, സുരക്ഷാ പരിശോധന, തിരിച്ചറിയല്‍ പ്രക്രിയകളാണ് ഇവിടെ നടക്കുക. 

ആദ്യഘട്ട പട്ടിക പ്രകാരം മേയ് 25 മുതല്‍ ജൂണ്‍ 30 വരെ അഗത്തി, ബെംഗളൂരു, കോഴിക്കോട്, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബൈ, മൈസൂരു, പുണെ എന്നീ നഗരങ്ങളിലേക്കും തിരിച്ചുമായിരിക്കും സര്‍വീസ്. വെബ് ചെക്ക് ഇന്‍, ആരോഗ്യ സേതു മൊബൈല്‍ ആപ്, സ്വയം വിവരം നല്‍കല്‍ എന്നിവ സംബന്ധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പാലിച്ചുവേണം യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്താന്‍. എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, അലയന്‍സ് എയര്‍, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നീ എയര്‍ലൈനുകളാണ് സര്‍വീസ് നടത്തുന്നത്. യാത്രയ്ക്ക് നാലു മണിക്കൂര്‍ മുമ്പുതന്നെ യാത്രക്കാര്‍ക്ക് ടെര്‍മിനലിനുള്ളില്‍ പ്രവേശിക്കാം. രണ്ടുമണിക്കൂറിനു മുമ്പെങ്കിലും ടെര്‍മിനലില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കണം. 

കേരളത്തില്‍ നിന്നു മറ്റു സംസ്ഥാനത്തേക്ക് പോകുന്നവര്‍ അതതു സ്ഥലങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം. ഇതിനുവേണ്ടി പാസ് ആവശ്യമാണെങ്കില്‍ അതു ലഭ്യമാക്കണം. കൊച്ചിയില്‍ എത്തിച്ചേരുന്ന യാത്രക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ക്വാറന്റീന്‍, കോവിഡ് ജാഗ്രതാ ആപ് സംബന്ധിച്ചുള്ള നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സൗകര്യങ്ങള്‍ കൊച്ചി വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു.

ആഭ്യന്തര വിമാനയാത്ര നടത്താനൊരുങ്ങുന്നവര്‍ ശ്രദ്ധിച്ചിരിക്കേണ്ട പ്രധാന കാര്യങ്ങള്‍

യാത്രക്കാര്‍ വെബ് ചെക് ഇന്‍ ചെയ്തു വേണം വിമാനത്താവളത്തിലെത്താന്‍. ടെര്‍മിനലില്‍ എത്തുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിട്ടുണ്ടാകണം. ബോര്‍ഡിങ് ഗേറ്റിനു തൊട്ടുമുമ്പ് ഫെയ്‌സ് ഷീല്‍ഡ്, മാസ്‌ക്, സാനിറ്റൈസര്‍ പായ്ക്കറ്റുകള്‍ എന്നിവയടങ്ങിയ കിറ്റ് എയര്‍ലൈനുകള്‍ നല്‍കും. ഇവ യാത്രയില്‍ ഉപയോഗിക്കാന്‍ ഓര്‍ക്കണം. ഒരു ഹാന്‍ഡ് ബാഗേജ്, ചെക്ക്ഇന്നിലൂടെ കൊണ്ടുപോകാവുന്ന ഒരു ബാഗ് എന്നിവ മാത്രമാണ് അനുവദിച്ചിട്ടള്ളത്.

സാമൂഹിക അകലം പാലിക്കുന്നതാണ് ഒരു പ്രധാന നിര്‍ദേശം. വാഹനങ്ങളില്‍ നിന്ന് ഇറങ്ങി ടെര്‍മിനലിന്റെ പുറപ്പെടല്‍ ഭാഗത്ത് എത്തുന്നതുവരെയുള്ള വഴികളിലും ഇടനാഴികളിലും ഇതുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. വരിയില്‍ നില്‍ക്കുമ്പോള്‍ തറയിലെ അടയാളങ്ങളില്‍ മാത്രം നില്‍ക്കാന്‍ ശ്രദ്ധിക്കണം.

ടെര്‍മിനലിനുള്ളിലേക്കു പ്രവേശിക്കുന്നതിനു മുമ്പ് സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. ചുവരില്‍ ഓട്ടോമാറ്റിക് സാനിറ്റൈസര്‍ യന്ത്രം സ്ഥാപിച്ചിട്ടുണ്ട്.

മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുള്ള ആരോഗ്യസേതു ആപ് ജീവനക്കാരനെ കാണിക്കണം. ആപ് ഡൗണ്‍ലോഡ് ചെയ്തിട്ടില്ലെങ്കില്‍ ഒന്നാം ഗേറ്റിന്റെ അരികില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ഡെസ്‌കുമായി ബന്ധപ്പെടുക. അവര്‍ തരുന്ന ഫോം പൂരിപ്പിച്ച് വീണ്ടും ഡിപ്പാര്‍ച്ചര്‍ ഗേറ്റിന് അരികില്‍ എത്തണം.

ഇതുകഴിഞ്ഞാല്‍ ശരീര ഊഷ്മാവ് പരിശോധിക്കുന്ന സ്ഥലമാണ്. ഇതിനായി സ്ഥാപിച്ചിട്ടുള്ള സ്‌കാനറിനു മുന്നിലും തുടര്‍ന്ന് സുരക്ഷാ ബോക്‌സിനു മുന്നിലും എത്തണം. സുരക്ഷാ ബോക്‌സിനുള്ളിലെ കണ്ണാടി സ്‌ക്രീനിനുള്ളിലെ സിഐഎസ്എഫ് ജീവനക്കാര്‍ക്ക് മൊബൈല്‍ ഫോണിലെ വെബ് ചെക്ക് ഇന്‍ സ്‌ക്രീനിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇത് സ്‌കാന്‍ ചെയ്യാന്‍ ക്യാമറാസംവിധാനം സിയാല്‍ സജ്ജമാക്കിയിട്ടുണ്ട്.

ബാഗേജ് അണുവിമുക്തമാക്കലാണ് അടുത്ത പടി. ഇതിനായി പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹാന്‍ഡ് ബാഗേജ് മാത്രമുള്ള യാത്രക്കാര്‍ക്ക് ഇവിടെ നിന്ന് നേരിട്ട് സുരക്ഷാപരിശോധനാ ഭാഗത്തേയ്ക്ക് പോകാം. ചെക്ക്ഇന്‍ ബാഗ് ഉണ്ടെങ്കില്‍ മാത്രം ചെക്ക് ഇന്‍ കൗണ്ടറില്‍ എത്തി വെബ് ചെക്ക് ഇന്‍ സ്‌ക്രീന്‍, എയര്‍ലൈന്‍ ജവനക്കാരെ കാണിക്കുക. തുടര്‍ന്ന് ബാഗേജ് ഏല്‍പ്പിക്കണം.

ഒന്നാം നിലയിലെ സുരക്ഷാ പരിശോധനയാണ് അടുത്തത്. പരിശോധനയ്ക്കു തൊട്ടുമുമ്പ് സിഐഎസ്എഫ് ജീവനക്കാരനെ ബോര്‍ഡിങ് പാസ് കാണിച്ചശേഷം സുരക്ഷാപരിശോധനയ്ക്ക് വിധേയമാകുക.

സുരക്ഷാ പരിശോധന കഴിഞ്ഞാല്‍ നിശ്ചിത ഗേറ്റിനു മുന്നില്‍ സാമൂഹിക അകലം പാലിച്ച് സജ്ജമാക്കിയിട്ടുള്ള ഇരിപ്പിടങ്ങളില്‍ ഇരിക്കാം. കേന്ദ്രസര്‍ക്കാരിന്റെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്, ടെര്‍മിനലിനുള്ളില്‍ കടകള്‍ പ്രവര്‍ത്തിക്കും. ഭക്ഷണസാധനങ്ങള്‍ കടകളില്‍ നിന്ന് വാങ്ങി ഗേറ്റിനു മുന്നിലുള്ള സീറ്റുകളില്‍ വന്നിരുന്ന കഴിക്കാവുന്നതാണ്.

ബോര്‍ഡിങ് അറിയിപ്പ് വന്നാല്‍, എയ്‌റോ ബ്രിജില്‍ പ്രവേശിക്കുന്നത് തൊട്ടുമുമ്പ് എയര്‍ലൈന്‍ ജീവനക്കാര്‍ നല്‍കുന്ന സുരക്ഷാ കിറ്റ് വാങ്ങുക. ഇവിടെ സജ്ജമാക്കിയിട്ടുള്ള ക്യാമറയില്‍ മൊബൈല്‍ ഫോണിലുള്ള ബോര്‍ഡിങ് പാസ് കാണിക്കുക. ഇവിടേയും ശരീര ഊഷ്മാവ് പരിശോധനയുണ്ടാകും. കൂടിയ ഊഷ്മാവ് തിരിച്ചറിയപ്പെട്ടാല്‍ യാത്രക്കാരനെ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷന്‍ ഭാഗത്തേയ്ക്ക് മാറ്റും. തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com