കോളജുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കണം; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിര്‍ദേശം; മാര്‍ഗരേഖയായി

ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്
കോളജുകള്‍ ജൂണ്‍ ഒന്നിന് തന്നെ തുറക്കണം; ഓണ്‍ലൈന്‍ ക്ലാസുകള്‍ക്ക് നിര്‍ദേശം; മാര്‍ഗരേഖയായി

തിരുവനന്തപുരം: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണിന് ശേഷം കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശം പുറത്തിറക്കി. കോളജ് വിദ്യാഭ്യാസ ഡയറക്ടറാണ് മാര്‍ഗനിര്‍ദേശം പുറത്തിറിക്കിയത്. 

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള എല്ലാ കേളജുകളും അടയ്ക്കുകയും ജാഗ്രത പാലിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ കാലഘട്ടം അവസാനിക്കാറയതിനാലും വിദ്യാഭ്യാസവകുപ്പ്‌ പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനാലുമാണ് ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ

എല്ലാ കോളജുകളും ജൂണ്‍  ഒന്നിന് തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

റഗുലര്‍ ക്ലാസുകള്‍ ആരംഭിക്കാന്‍ കഴിയുന്നതുവരെ ഓണ്‍ലൈനില്‍ ക്ലാസുകള്‍ നടത്തണം.

അധ്യാപകര്‍ അക്കാദമിക് കലണ്ടര്‍ അനുസരിച്ച്  ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നുണ്ടെന്നും വിദ്യാര്‍ഥികള്‍ പങ്കാളികള്‍ ആവുന്നുണ്ടെന്നും പ്രിന്‍സിപ്പല്‍ ഉറപ്പാക്കണം.

ഓണ്‍ലൈന്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെയും കൃത്യമായ ഹാജര്‍ രേഖപ്പെടുത്തി സൂക്ഷിക്കേണ്ടതും യഥാസമയം ബന്ധപ്പെട്ടവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടതുമാണ്.

ഓണ്‍ലൈന്‍ പഠനസൗകര്യങ്ങള്‍ ലഭ്യമല്ലാത്തവിദ്യാര്‍ഥികള്‍ ക്ലാസുകള്‍ ലഭിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുന്നതിന് പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം.

കൊറേണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാര്‍നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് ആയിരിക്കണം കോളജുകള്‍ തുറന്നുപ്രവര്‍ത്തിക്കേണ്ടത്.

സര്‍വകലാശാല പരീക്ഷകളില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ പരീക്ഷാകേന്ദ്രങ്ങള്‍ അനുവദിച്ച് ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. 

ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് മൂല്യനിര്‍ണയം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ടതാണ്.

ഓണ്‍ലൈന്‍ പഠനരീതിയ്ക്ക് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് വിക്ടേഴ്‌സ് ചാനല്‍ പോലെ ടിവി/ ഡിടിഎച്ച്/ റേഡിയെ ചാനല്‍ തുടങ്ങിയവ ഉപയോഗപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ചു നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com