എംപിമാരെ കൂടെകൂട്ടിയെന്ന് കാണിക്കാനുള്ള ശ്രമം ; മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിനില്ലെന്ന് കെ മുരളീധരൻ

കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതിൽ സർക്കാർ മുൻ​ഗണനാക്രമം തെറ്റിക്കുകയാണ്
എംപിമാരെ കൂടെകൂട്ടിയെന്ന് കാണിക്കാനുള്ള ശ്രമം ; മുഖ്യമന്ത്രി വിളിച്ച യോ​ഗത്തിനില്ലെന്ന് കെ മുരളീധരൻ

തിരുവനന്തപുരം : കോവിഡ് പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച എംപിമാരുടെയും എംഎൽഎമാരുടെയും സംയുക്ത യോ​ഗത്തിൽ പങ്കെടുക്കില്ലെന്ന് കെ മുരളീധരൻ എംപി. എംപിമാരെ കൂടെകൂട്ടിയെന്ന് കാണിക്കാനുള്ള ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നത്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, കെ സുധാകരൻ തുടങ്ങിയവരും പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്. യോ​ഗത്തിൽ എംപിയായ യുഡിഎഫ് കൺവീനർ പങ്കെടുക്കുമെന്നും കെ മുരളീധരൻ പറഞ്ഞു.

എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗം ഒന്നിച്ച് വിളിച്ചതിനെയും മുരളീധരൻ വിമർശിച്ചു. ഒന്നിച്ച് യോ​ഗം വിളിച്ചാൽ ചർച്ചയ്ക്ക് സമയം കിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലേക്ക് പ്രവാസികളെ കൊണ്ടുവരുന്നതിൽ സർക്കാർ മുൻ​ഗണനാക്രമം തെറ്റിക്കുകയാണ്. ​ഗർഭിണികളെ ഉൾപ്പെടെ മാറ്റിനിർത്തി രാഷ്ട്രീയം നോക്കി ആളുകളെ കൊണ്ടുവരുന്നു. മാഹിയിൽ മരിച്ചയാളോട് മുഖ്യമന്ത്രി കാണിക്കുന്നത് ക്രൂരതയാണ്. കോവിഡ് മരണത്തിൽ രാഷ്ട്രീയം നോക്കരുതെന്നും കെ മുരളീധരൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധനടപടികൾ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ എംപിമാരുടെയും എംഎൽഎമാരുടെയും യോ​ഗം വിളിച്ചത്.  ചൊവ്വാഴ്ച രാവിലെ പത്തരയ്ക്ക് വീഡിയോ കോൺഫറൻസ് വഴിയാണ് യോ​ഗം നടക്കുക. കേന്ദ്രത്തിൽ നിന്ന് അടക്കം എന്തൊക്കെ നടപടികൾ സ്വീകരിക്കാമെന്ന് എംപിമാരോടും, ഓരോ പ്രദേശത്തിന്റെയും സ്വഭാവം അനുസരിച്ച് പ്രാദേശികമായി എന്താണ് കൂടുതലായി ചെയ്യേണ്ടത് എന്ന് എംഎൽഎമാരോടും ചർച്ച ചെയ്യുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com