തലേദിവസം സൂരജ് കൊണ്ടുവന്ന വലിയ ബാഗില്‍ മൂര്‍ഖന്‍ പാമ്പ് ? ; സംശയം ഉന്നയിച്ച് ബന്ധുക്കള്‍ ; ഉത്രയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു
തലേദിവസം സൂരജ് കൊണ്ടുവന്ന വലിയ ബാഗില്‍ മൂര്‍ഖന്‍ പാമ്പ് ? ; സംശയം ഉന്നയിച്ച് ബന്ധുക്കള്‍ ; ഉത്രയുടെ മരണത്തില്‍ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച്

കൊല്ലം : കൊല്ലം അഞ്ചലില്‍ യുവതി പാമ്പു കടിയേറ്റു മരിച്ച സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്. മരിച്ച ഉത്രയുടെ മാതാപിതാക്കളുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. സ്വന്തം വീട്ടിലെ എസി മുറിയില്‍ കിടന്നുറങ്ങിയിരുന്ന അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്.

മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയെന്ന് മാതാപിതാക്കള്‍ പറഞ്ഞു. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയം. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. അടൂരിലെ ഭര്‍തൃവീട്ടിലും ഒരുതവണ ഉത്ര പാമ്പിനെ കണ്ടിരുന്നു. സൂരജ് ഇതിനെ കൈകൊണ്ട് പിടിച്ചു ചാക്കിലാക്കിയതായി ഉത്ര പറഞ്ഞിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ അശോകന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. റൂറല്‍ എസ്പി ഹരിശങ്കറിന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം. കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് വൈകാതെ തന്നെ നല്‍കും. ഉത്രയുടെ മരണത്തില്‍ ദൂരൂഹതയുണ്ടെന്നും, വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്പി ഹരിശങ്കറിനു  പരാതി നല്‍കിയിരുന്നു.

സൂരജിന്റെ വീട്ടില്‍വച്ചും നേരത്തേ ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു. ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. എന്നിട്ടും പാമ്പ് എങ്ങനെ മുറിക്കകത്തെത്തി എന്നാണ് പൊലീസ്  പരിശോധിക്കുന്നത്. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തിയതും തല്ലിക്കൊന്നതും.

സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. മകള്‍ക്കു വിവാഹസമ്മാനമായി നല്‍കിയ സ്വര്‍ണാഭരണങ്ങള്‍ പലതും കാണാനില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഉത്രയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും സൂരജിനെ ചോദ്യം ചെയ്യുക. സൂരജിനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2018ലായിരുന്നു ഉത്രയുടെ വിവാഹം. ഒരു വയസ്സുള്ള മകനുണ്ട്. അതിനിടെ, സ്വത്ത് തട്ടിയെടുക്കാനായി സഹോദരനാണ് ഉത്രയെ അപായപ്പെടുത്തിയതെന്നു കാട്ടി സൂരജും റൂറല്‍ എസ്പിക്കു പരാതി നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com