മലപ്പുറത്ത് അഞ്ച് പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതരില്‍ അഞ്ച് വയസുകാരി; നിരീക്ഷണത്തിലുള്ളത് 11,862 പേര്‍

അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനിലാണ്.
മലപ്പുറത്ത് അഞ്ച് പേര്‍ക്കുകൂടി കോവിഡ്; രോഗബാധിതരില്‍ അഞ്ച് വയസുകാരി; നിരീക്ഷണത്തിലുള്ളത് 11,862 പേര്‍

മലപ്പുറം: ജില്ലയില്‍ അഞ്ചു പേര്‍ക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മേയ് 17ന് അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശിനി(70), അഞ്ചു വയസ്സുള്ള ഇവരുടെ കൊച്ചുമകള്‍, മുംബൈയില്‍ നിന്ന് മേയ് 16ന് വീട്ടിലെത്തിയ തെന്നല കുറ്റിപ്പാല സ്വദേശി(37), മുംബൈയില്‍ നിന്ന് മേയ് 14ന് വീട്ടിലെത്തിയ തൃപ്രങ്ങോട് പൊയിലിശ്ശേരി സ്വദേശി(68) മേയ് 20ന് ദുബായില്‍ നിന്ന് കൊച്ചി വഴിയെത്തിയ തിരുനാവായ വൈരങ്കോട് സ്വദേശി(60) എന്നിവര്‍ക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍എം മെഹറലി അറിയിച്ചു. ഇവര്‍ അഞ്ചുപേരും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസലേഷനിലാണ്.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 72 ആയി. 50 പേര്‍ രോഗബാധിതരായി മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇതില്‍ ഒരാള്‍ ആലപ്പുഴ സ്വദേശിനിയും മറ്റൊരാള്‍ പാലക്കാട് സ്വദേശിയുമാണ്. മലപ്പുറം സ്വദേശികളായി 48 പേരാണ് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

ജില്ലയില്‍ ഇപ്പോള്‍ ആകെ നിരീക്ഷണത്തിലുള്ളത് 11,862 പേരാണ്. 125 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 117 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍  ആറു പേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരുമാണ് ഐസലേഷനിലുള്ളത്. 10,546 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 1,191 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നു.

കോവിഡ് സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മേയ് 12ന് രോഗബാധ സ്ഥിരീകരിച്ച തിരൂര്‍ ബിപി അങ്ങാടി സ്വദേശി(27), മേയ് 13ന് വൈറസ്ബാധ കണ്ടെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശി(50) എന്നിവര്‍ക്കാണ് രോഗം ഭേദമായതെന്ന് ജില്ലാമെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു. തിരൂര്‍ ബിപി അങ്ങാടി സ്വദേശിനി ഗര്‍ഭിണിയാണ്.

ഇവരെ തുടര്‍ നിരീക്ഷണങ്ങള്‍ക്കായി മഞ്ചേരി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സ്റ്റപ് ഡൗണ്‍ ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. കുവൈത്തില്‍ നിന്നു മേയ് 9നാണ് ബിപി അങ്ങാടി സ്വദേശിനിയും മകനും മൂന്ന് വയസ്സുള്ള മകനും നാട്ടിലെത്തിയത്. രോഗബാധിതനായ കുട്ടി മഞ്ചേരിയില്‍ ചികിത്സയില്‍ തുടരുകയാണ്. മാറഞ്ചേരി പുറങ്ങ് സ്വദേശി മേയ് ഏഴിനാണ് പ്രത്യേക വിമാനത്തില്‍ അബുദബിയില്‍ നിന്ന് എത്തിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com