സൂരജ് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങി ?; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവ് അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു
സൂരജ് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങി ?; ഉത്രയുടെ മരണത്തില്‍ ഭര്‍ത്താവ് അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍

കൊല്ലം : കൊല്ലം അഞ്ചലില്‍ ഉത്ര കുടുംബ വീട്ടിലെ കിടപ്പുമുറിയില്‍ പാമ്പിന്റെ കടിയേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് സ്വദേശി സൂരജും രണ്ടു സഹായികളും അടക്കം നാലുപേര്‍ പൊലീസ് കസ്റ്റഡിയില്‍. ഇവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്. ഉറക്കത്തില്‍ ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നെന്നാണ് സൂചന. പാമ്പ് പിടുത്തക്കാരില്‍നിന്ന് പതിനായിരം രൂപയ്ക്ക് പാമ്പിനെ വിലയ്ക്കു വാങ്ങിയതാണെന്ന് പൊലീസിനു വിവരം ലഭിച്ചു.

സൂരജ് ചില പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു. ഉത്രയുടെ മരണം സംഭവിച്ചതിന്റെ തലേന്ന് വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തി. സൂരജ് കൊണ്ടുവന്ന ബാഗില്‍ പാമ്പുണ്ടായിരുന്നെന്നാണ് സംശയമെന്ന് യുവതിയുടെ രക്ഷിതാക്കള്‍ പൊലീസിനോട് പറഞ്ഞു. സൂരജ് പാമ്പുകളെ കയ്യിലെടുത്ത് കളിപ്പിക്കാറുണ്ടെന്ന് ഉത്രയുടെ ബന്ധുക്കള്‍ അന്വേഷണ സംഘത്തെ അറിയിച്ചു.

സ്വന്തം വീട്ടിലെ എസി മുറിയില്‍ കിടന്നുറങ്ങിയിരുന്ന അഞ്ചല്‍ ഏറം വെള്ളശ്ശേരി വീട്ടില്‍ ഉത്ര (25) മേയ് ഏഴിനാണ് പാമ്പുകടിയേറ്റു മരിച്ചത്. ഭര്‍ത്താവ് സൂരജിനും ഒന്നരവയസ്സുള്ള മകനുമൊപ്പം കിടന്നുറങ്ങുമ്പോഴായിരുന്നു പാമ്പുകടിയേറ്റത്. മാര്‍ച്ച് മാസത്തില്‍ സൂരജിന്റെ അടൂര്‍ പറക്കോട്ടെ വീട്ടില്‍വച്ചും ഉത്രയ്ക്ക് പാമ്പുകടിയേറ്റിയിരുന്നു.

ഇതിന്റെ തുടര്‍ചികിത്സയ്ക്കും വിശ്രമത്തിനുമാണ് ഉത്ര സ്വന്തം വീട്ടില്‍ എത്തിയത്. വീട്ടിലെത്തി വിശ്രമിക്കുമ്പോഴായിരുന്നു രണ്ടാമതും പാമ്പുകടിയേറ്റത്. ഉത്രയുടെ വീട്ടിലെ എസി മുറിയുടെ വാതിലും ജനലുകളും അടച്ചനിലയിലായിരുന്നു. മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഉത്രയെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാട്ടുകാര്‍ മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് മൂര്‍ഖന്‍ പാമ്പിനെ കണ്ടെത്തി തല്ലിക്കൊന്നത്.

ഉത്രയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. മകളുടെ സ്വര്‍ണ്ണാഭരണങ്ങളും സ്വത്തുവകകളും കൈക്കലാക്കാനായി മകളെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സംശയമെന്ന് പരാതിയില്‍ രക്ഷിതാക്കള്‍ പരാതിയില്‍ ആരോപിച്ചിരുന്നു.

തുറന്നിട്ട ജനാലയില്‍ കൂടി കയറിയ മൂര്‍ഖന്‍ പാമ്പ് ഉത്രയെ കടിച്ചെന്നാണ് സൂരജിന്റെ വാദം. ഇതു ശരിയാണോ എന്നറിയാന്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന ആവശ്യമാണ്. തറ നിരപ്പില്‍നിന്ന് പാമ്പിന് എത്ര ഉയരാന്‍ കഴിയും എന്നതാണു പ്രധാനമായി കണ്ടെത്തേണ്ടത്. ഇക്കാര്യത്തില്‍ ജന്തുശാസ്ത്ര വിദഗ്ധരുടെയും പാമ്പ് പിടുത്തക്കാരുടെയും പക്കല്‍ നിന്നും ക്രൈംബ്രാഞ്ച് വിവരം തേടുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com