എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് നാളെ ആരംഭിക്കാനിരിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റിവെക്കില്ല; ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി:  സംസ്ഥാനത്ത് നാളെ ആരംഭിക്കാനിരിക്കുന്ന എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. തൊടുപുഴ സ്വദേശി അനിലാണ് ഹര്‍ജി നല്‍കിയത്. പരീക്ഷ നടത്തിയാല്‍ ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാവാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ബഞ്ചാണ് ഹര്‍ജി തള്ളിയത്‌

നാളെ ഉച്ചയ്ക്ക് 1.45 മുതലാണ് എസ്എസ്എല്‍സി പരീക്ഷ. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് പരീക്ഷ നടക്കുന്നത്. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.

4.22 ലക്ഷം വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പരീക്ഷയും 4.52 ലക്ഷം പേര്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷയും എഴുതുന്നുണ്ട്. എസ്എസ്എല്‍സിക്ക് മൂന്നു പരീക്ഷകളാണ് ബാക്കിയുള്ളത്. രാവിലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും ഉച്ചയ്ക്ക് ശേഷം എസ്എസ്എല്‍സി പരീക്ഷയുമെന്ന രീതിയിലാണ് ക്രമീകരണം. ഹയര്‍ സെക്കന്‍ഡറിക്ക് നാലു പരീക്ഷയാണ് നടക്കാനുള്ളത്.

സാമൂഹിക അകലം പാലിക്കാനായി ഒന്നര മീറ്റര്‍ അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. പരീക്ഷാ കേന്ദ്രങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്. എല്ലാവരും മാസ്‌ക് ധരിക്കണമെന്നും തെര്‍മല്‍ സ്‌കാനിംഗ് നടത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. രക്ഷിതാക്കളെ കാമ്പസിനകത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പരീക്ഷാ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാന്‍ ഇത്തവണ അനുവാദം നല്‍കിയിരുന്നു. ഗള്‍ഫിലും ലക്ഷദ്വീപിലുമുള്ളവര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് പരീക്ഷയെഴുതാന്‍ അവസരമൊരുക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com