'അക്കാര്യം തീരുമാനിക്കുന്നത് പീയുഷ് ഗോയല്‍ അല്ല, സംസ്ഥാനത്തെ ജനങ്ങള്‍': റെയില്‍വേ മന്ത്രിക്ക് പിണറായിയുടെ മറുപടി

മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിച്ചത് സംബന്ധിച്ച് ഒരു വിവരവും ഇവിടെ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
'അക്കാര്യം തീരുമാനിക്കുന്നത് പീയുഷ് ഗോയല്‍ അല്ല, സംസ്ഥാനത്തെ ജനങ്ങള്‍': റെയില്‍വേ മന്ത്രിക്ക് പിണറായിയുടെ മറുപടി

തിരുവനന്തപുരം:  മുംബൈയില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിച്ചത് സംബന്ധിച്ച് ഒരു വിവരവും ഇവിടെ ലഭിച്ചിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന് ശേഷവും മറ്റൊരു ട്രെയിന്‍ അയക്കാന്‍ റെയില്‍വേ തീരുമാനിക്കുകയുണ്ടായി. ഇത് ഇവിടത്തെ ക്രമീകരണങ്ങളുടെ താളം തെറ്റിക്കുന്നതാണ്. അതിനാല്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശരിയായ നിരീക്ഷണത്തിനും അതുവഴി രോഗവ്യാപനം തടയുന്നതിനും സര്‍ക്കാര്‍ എടുക്കുന്ന നടപടികളെ തകിടം മറിക്കുന്നതാണ് ഈ രീതിയെന്ന് റെയില്‍വേ മന്ത്രിയെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

നമ്മുടെ കരുതലിനെ അട്ടിമറിക്കുന്ന പ്രശ്‌നമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ട്രെയിനുകളില്‍ കേരളത്തിലേക്ക് വരുന്നതിന് ഒരു തടസ്സവുമില്ല. സര്‍ക്കാര്‍ സമ്മതിക്കാത്ത ഒരു പ്രശ്‌നവുമില്ല. രജിസ്‌ട്രേഷന്‍ നിര്‍ബന്ധമായി എടുക്കണമെന്ന് മാത്രമേ പറയുന്നുളളൂ. റെയില്‍വേ സ്റ്റേഷനില്‍ തന്നെ പരിശോധിച്ച് ക്വാറന്റൈനില്‍ ആ്ക്കുകയാണ് ചെയ്യുന്നത്. ഇത് ശരിയായ രീതിയില്‍ നടക്കണമെങ്കില്‍ വരുന്ന യാത്രക്കാരുടെ വിവരങ്ങള്‍ പൂര്‍ണമായി അറിയേണ്ടത് അനിവാര്യമാണ്. വീടുകളില്‍ ക്വാറന്റൈന്‍ ആകാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. വീടുകളില്‍ അതിനുളള സൗകര്യം ഉണ്ടോ എന്ന് പരിശോധിക്കേണ്ടത് ഉണ്ട്. ഇതിന് രജിസ്‌ട്രേഷന്‍ ഒഴിച്ചുകൂടാന്‍ കഴിയാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മുംബൈ നഗരത്തില്‍ നിന്നുളളവരും വരട്ടെ എന്ന് തന്നെയാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ രോഗം മറ്റുളളവരിലേക്ക് പടരാതിരിക്കാന്‍ നിബന്ധനകള്‍ കര്‍ശനമായി പാലിച്ചേ മതിയാകൂ. അതിനുളള അച്ചടക്കം എല്ലാവരും പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കാത്ത വിഷയത്തില്‍ റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ കഴിഞ്ഞദിവസം ആരോപണവുമായി രംഗത്തുവന്നിരുന്നു. സ്വന്തം നാട്ടുകാരെ കുറിച്ച് ചിന്തയില്ലാതെ മുഖ്യമന്ത്രിമാര്‍ ഇങ്ങനെ പ്രവര്‍ത്തിച്ചാല്‍ എന്താകുമെന്നാണ് അദ്ദേഹം ചോദിച്ചത്. ഇതിന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കി. ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന മുഖ്യമന്ത്രിയാണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് പീയുഷ് ഗോയല്‍ അല്ല, സംസ്ഥാനത്തെ ജനങ്ങള്‍ ആണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അദ്ദേഹത്തിന്റെ വാക്കുകള്‍ നിര്‍ഭാഗ്യകരമായി പോയി. പദവിക്ക് ചേര്‍ന്നതല്ല അദ്ദേഹത്തിന്റെ വാക്കുകള്‍. രാജ്യം നേരിടുന്ന പ്രശ്‌നത്തിന്റെ ഗൗരവത്തിന്റെ നേരിയ അംശം പോലും അദ്ദേഹത്തിന് ഉള്‍ക്കൊളളാന്‍ കഴിയുന്നില്ലെന്നതാണ്
ഇത് കാണിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com